ഡൽഹി: കർത്താർപുർ ഇടനാഴിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെത്തി. സുൽത്താൻപുരിലെത്തിയ അദ്ദേഹം ബീർ സാഹിബ് ഗുരുദ്വാരയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഇന്ത്യയിലെ ദേരാ ബാബാ നാനക് സാഹിബ് ഗുരുദ്വാരയെയും പാകിസ്ഥാനിലെ ദർബാർ സാഹിബ് ഗുരുദ്വാരയെയും പരസ്പരം ബന്ധിപ്പിക്കുന്ന 4.7 കിലോമീറ്റർ നീളമുള്ള യാത്രാമാർഗ്ഗമാണ് കർതാർപുർ ഇടനാഴി. സിഖ് മതസ്ഥാപകൻ ഗുരു നാനാക്ക് ദേവന്റെ 550ആം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടനാഴി സിഖ് ജനതയ്ക്ക് സമർപ്പിക്കും. തുടർന്ന് ആദ്യ ഇന്ത്യൻ പ്രതിനിധി സംഘം ഇടനാഴി താണ്ടി കർതാർപുരിലേക്ക് പോകും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, നവജോത് സിംഗ് സിദ്ദു, സണ്ണി ഡിയോൾ എം പി തുടങ്ങിയവർ സംഘത്തിലുണ്ടാകും.
സിഖ് വിശ്വാസികളോടുള്ള വാഗ്ദാനപാലനം തന്റെ കർത്തവ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post