കാര്‍ട്ടോസാറ്റ് 3 ഉള്‍പ്പെടെ 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ.ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ട് പിഎസ്എല്‍വി റോക്കറ്റ് നവംബര്‍ 27 ന് രാവിലെ 9.28 ന് ടേക്ക് ഓഫ് ചെയ്യും.
വിക്ഷേപണത്തിൽ പ്രധാനമായും ഇന്ത്യയുടെ 1,625 കിലോഗ്രാം ഭാരമുള്ള കാർട്ടോസാറ്റ് -3 ഉപഗ്രഹം തന്നെയാണ്. യുഎസിൽ നിന്നുള്ള 13 നാനോ ഉപഗ്രഹങ്ങളും കൂടെ വിക്ഷേപിക്കും. ഇസ്റോയുടെ പുതിയ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡാണ് യുഎസ് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനു നേതൃത്വം കൊടുക്കുന്നത്.
റോക്കറ്റ് പറന്നുയർന്ന് ഏകദേശം 17 മിനിറ്റ് കഴിഞ്ഞാൽ കാർട്ടോസാറ്റ് -3 ഭ്രമണപഥത്തിൽ വിന്യസിക്കും. ബഹിരാകാശത്ത് ഇതിന് അഞ്ച് വർഷമാണ് കാലാവധി. ഉയർന്ന റെസലൂഷൻ ഇമേജിങ് ശേഷിയുള്ള മൂന്നാം തലമുറയിലെ നൂതന ഉപഗ്രഹമാണ് കാർട്ടോസാറ്റ് -3. 97.5 ഡിഗ്രി ചെരിവിൽ 509 കിലോമീറ്റർ ഭ്രമണപഥത്തിലാണ് കാർട്ടോസാറ്റ് -3 സ്ഥാപിക്കുക.
നഗര വികസനം, ഗ്രാമീണ വിഭവ, അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ട ചിത്രങ്ങളും കാർട്ടോസാറ്റ് -3 നൽകും..
യുഎസ് നാനോ ഉപഗ്രഹങ്ങളില്‍ 12 എണ്ണം ഫ്ലോക്ക് 4പി വിഭാഗത്തില്‍പെട്ട ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളാണ്. ഒന്ന് കമ്മ്യൂണിക്കേഷന്‍ ടെസ്റ്റ് ബെഡ് ഉപഗ്രഹമായ മെഷ്ബെഡുമാണ്. 44 മീറ്റർ ഉയരമുള്ള, ഏകദേശം 320 ടൺ ഭാരമുള്ള പിഎസ്എൽവി-എക്സ്എൽ നാല് സ്റ്റേജ് / എൻജിൻ റോക്കറ്റാണ്. ഇത് ഖര ദ്രാവക ഇന്ധനങ്ങളാൽ പ്രവർത്തിക്കുന്നു. പ്രാരംഭ ഫ്ലൈറ്റ് ഘട്ടങ്ങളിൽ അധിക ഊർജ്ജം നൽകുന്നതിന് ആറ് സ്ട്രാപ്പ്-ഓൺ ബൂസ്റ്റർ മോട്ടോറുകളാണ് റോക്കറ്റിനുള്ളത്.
Discussion about this post