കൊല്‍ക്കത്ത: പിങ്ക് ബോള്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ. രണ്ട് ദിനം കൂടി ബാക്കി നില്‍ക്കേ ഇന്നിംഗ്സിനും 46 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് ഉമേഷ് യാദവ് വീഴ്ത്തി. ഇന്ത്യന്‍ മണ്ണിലെ ഏറ്റവും വേഗത്തില്‍ തീരുന്ന ടെസ്റ്റ് മത്സരം കൂടിയാണിത്. മൂന്നാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു.
ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ നേടിയ 241 റണ്‍സ് ലീഡ് പിന്തുടര്‍ന്ന ബംഗ്ലാദേശിന് 195 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് 39 കൂട്ടിച്ചേര്‍ക്കുന്നതിനിടെ കൂടാരം കയറുകയായിരുന്നു. അവശേഷിച്ച മൂന്ന് വിക്കറ്റും ഉമേഷ് യാദവാണ് വീഴ്ത്തിയത്. 74 റണ്‍സെടുത്ത മുഷ്ഫിക്കര്‍ റഹീമാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറര്‍. മുഷ്ഫിക്കറിന്റെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് സന്ദര്‍ശകരുടെ തോല്‍വിയുടെ ആഘാതം കുറച്ചത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത മഹ് മ്മദുള്ള പരിക്കേറ്റ് പിന്മാറിയതും സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി. 39 റണ്‍സെടുത്ത് നില്‍ക്കേയായിരുന്നു മഹ് മ്മദുള്ളയ്ക്ക് പരിക്കേറ്റത്.
മത്സരത്തില്‍ രണ്ട് ഇന്നിംഗ്സുകളില്‍ നിന്നായ് ഇഷാന്ത് ശര്‍മ്മ ഒന്‍പതും ഉമേഷ് യാദവ് എട്ടും മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകളും വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഇഷാന്ത് രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ഉമേഷ് യാദവ് ആദ്യ ഇന്നിഗ്സില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു.
Discussion about this post