കൊല്‍ക്കത്ത: പൗരത്വ നിയമം ആദ്യം നടപ്പാക്കുന്ന സംസ്ഥാനം പശ്ചിമബംഗാളായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിക്കോ അവരുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനോ ഇത് തടയാന്‍ കഴിയില്ല, അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനേയും നോട്ടുനിരോധനത്തേയും മമതാ ബാനര്‍ജി എതിര്‍ത്തിരുന്നു. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ല. ഈ വിഷയത്തിലും അത് തന്നെയാണ് നടക്കാന്‍ പോകുന്നത് അദ്ദേഹം വ്യക്തമാക്കി. മമത പൗരത്വ നിയമത്തെ എതിര്‍ക്കുന്നത് വോട്ട് ബാങ്കിനെ ലക്ഷ്യം വച്ചാണെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു.
ബംഗാളില്‍ പൗരത്വ നിയമം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് മമത ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ദിലീപ് ഘോഷ് രംഗത്തെത്തിയത്.
ഏത് സാഹചര്യത്തിലും പൗരത്വ ഭേദഗതി ബില്‍ പശ്ചിമ ബംഗാളില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മമത ബാനര്‍ജി ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി ബില്‍ രാജ്യത്തെ വിഭജിക്കുന്നതാണെന്നും തങ്ങള്‍ ഭരണത്തിലിരിക്കുന്ന കാലത്തോളം സംസ്ഥാനത്തെ ഒരൊറ്റ മനുഷ്യനും രാജ്യം വിട്ടുപോകില്ലെന്നും മമത വ്യക്തമാക്കിയിരുന്നു.
Discussion about this post