ഡൽഹി: അയോധ്യയിൽ ഭീകരാക്രമണ ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണം നടത്തുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ അയോധ്യയിൽ സുരക്ഷ ശക്തമാക്കി. ജെയ്ഷെ തലവൻ മസൂദ് അസറാണ് ആക്രമണ പദ്ധതിയുടെ ആസൂത്രകനെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മാസം ഏഴോളം ഭീകരർ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് വിവരം. സാമൂഹിക മാദ്ധ്യമമായ ടെലഗ്രാമിലൂടെയാണ് മസൂദ് അസർ ആക്രമണ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇന്ത്യൻ മണ്ണിൽ ഞെട്ടിക്കുന്ന ആക്രമണം നടത്തുമെന്നാണ് അസർ സന്ദേശത്തിൽ പറയുന്നത്. നുഴഞ്ഞു കയറിയ ഭീകരർ ഉത്തർ പ്രദേശിലെ ഗൊരഖ്പൂർ, അയോധ്യ എന്നിവിടങ്ങളിൽ എത്തിയിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
അബു ഹംസ, മുഹമ്മദ് ഖ്വാമി ചൗധരി, മുഹമ്മദ് യാക്കൂബ്, മുഹമ്മദ് ഷഹബാസ്, നിസാർ അഹമ്മദ് എന്നിവരും മറ്റ് രണ്ട് ഭീകരരുമാണ് നുഴഞ്ഞു കയറിയിരിക്കുന്നത്. ഇവർ ആയുധ ധാരികളാണ്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് അയോധ്യയിൽ ആക്രമണം നടത്താൻ ഭീകരവാദികൾ പദ്ധതിയിട്ടതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി ദേശീയ വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post