ശങ്കു ടി ദാസ്- ഇന്‍ ഫേസ്ബുക്ക്
എന്‍പിആര്‍ മാന്വലിലെ ഫെസ്റ്റിവല്‍ ലിസ്റ്റില്‍ മുസ്ലിം വിശേഷ ദിവസങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല!!
ഫിയര്‍ മോങ്കറേഴ്സ് അസോസിയേഷന് കണ്ടെത്തിയ കേന്ദ്ര സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധതയുടെ അവസാന തെളിവാണ്.
ദേശീയ ജനസംഘ്യാ രെജിസ്റ്റര്‍ തയ്യാറാക്കുന്നതിന് സെന്‍സസ് നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ആയി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റെജിസ്ട്രാര്‍ ജെനറല്‍ & സെന്‍സസ് കമ്മീഷണറുടെ ഓഫീസ് പുറത്തിറക്കിയ ഇന്സ്ട്രക്ഷന് മാന്വലിന്റെ അവസാനം അനെക്സ് 5 ആയി ചേര്‍ത്തിട്ടുള്ള പ്രധാന ഉത്സവങ്ങളുടെയും വിശേഷ ദിനങ്ങളുടെയും പട്ടികയില്‍ ഒരൊറ്റ മുസ്ലിം ആഘോഷ ദിവസം പോലുമില്ല എന്നതാണ് കാര്യം.
അത് വെച്ച് കേന്ദ്ര സര്‍ക്കാര്‍ മുഹറവും ബക്രീദും റംസാനും മിലാദ് ഉള് നബിയും ഉള്‍പ്പെടെയുള്ള മുസ്ലിം വിശേഷ ദിനങ്ങളിലെ അവധി ഒക്കെ റദ്ധാക്കി എന്നാണ് കീച്ചുന്നത്.
അതിന്റെ ബാക്കിയായി മുസ്ലിങ്ങളെ രണ്ടാം കിട പൗരന്മാര് ആക്കിയേ, വിശ്വാസ സ്വന്തന്ത്ര്യം ഹനിച്ചേ, നാട് കടത്താന്‍ പോവുന്നേ, ഹിന്ദുത്വ ഫാസിസം പിടിമുറുക്കിയേ എന്നൊക്കെയുള്ള സ്ഥിരം നുണകളും അരങ്ങു കൊഴുപ്പിക്കുന്നുണ്ട്.
എന്താണ് ശരിക്കും സംഭവം?
ഈ ബഹളത്തില്‍ ഒക്കെ വല്ല അര്‍ത്ഥവുമുണ്ടോ?
ഇല്ല. ശുദ്ധ അസംബന്ധമാണ്.
കാര്യം ചുരുക്കി പറയാം.
1) ഇന്ത്യയിലെ വിശേഷ ദിവസങ്ങളും അവധിയും ഒക്കെ തീരുമാനിക്കുന്നത് NPR മാന്വല്‍ അടിസ്ഥാനപ്പെടുത്തി അല്ല.
ഏതെങ്കിലും ദിവസത്തെ വിശേഷ ദിവസമായി പ്രഖ്യാപിക്കാനോ നിലവിലുള്ള ഒന്നിന്റെ വൈശിഷ്ട്യം റദ്ദാക്കാനോ റെജിസ്ട്രാര്‍ ജെനറല്‍ & സെന്‍സസ് കമ്മീഷണര്‍ക്ക് അധികാരവുമില്ല.
വിശേഷ/അവധി ദിനങ്ങള്‍ നിശ്ചയിക്കുന്നത് 1981ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റസ് ആക്ടിന്റെ കീഴിലാണ്.
അതിന് അനുസൃതമായി ഓരോ വര്‍ഷവും പൊതു അവധികള്‍ ഏതൊക്കെ ആയിരിക്കും എന്ന് വര്‍ഷത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുക ആണ് ചെയ്യുക.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അവധി ദിനങ്ങള്‍ മിനിസ്ട്രി ഓഫ് പേര്‍സണലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അവധികള്‍ സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പും പ്രഖ്യാപിക്കും.
ഇതിലൊന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോ സെന്‍സസ് കമ്മീഷണര്‍ക്കോ എന്‍.പി.ആറിനോ ഒരു പങ്കുമില്ല.
NPR ഇന്സ്ട്രക്ഷന് മാന്വല്‍ എന്നത് NPR തയ്യാറാക്കാനായി സെന്‍സസ് നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശങ്ങളാണ്.
ആ പ്രക്രിയ സുഗമമായി പൂര്‍ത്തീകരിക്കാന്‍ സഹായകരമാവുന്ന സൂചനകളും വിവരങ്ങളും ആണ് അതില്‍ ചേര്‍ത്തിരിക്കുന്നത്.
അല്ലാതെ അതൊരു നിയമമോ വിജ്ഞാപനമോ അല്ല.
ഓഗസ്റ്റ് 15 അതില്‍ വിശേഷ ദിനമായി കാണിച്ചിട്ടില്ലെങ്കില്‍ നാളെ മുതല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനം ഇല്ലാതെ ആവുകയുമില്ല.
2) എന്ത് കൊണ്ടാണ് NPR മാന്വലിലെ വിശേഷ ദിന പട്ടികയില്‍ മുസ്ലിം വിശേഷ ദിനങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലാത്തത്?
ആ പ്രക്രിയയില്‍ ആ ദിവസങ്ങള്‍ക്ക് പ്രസക്തി ഇല്ലാത്തത് കൊണ്ട് തന്നെ.
അത് മനസിലാക്കണം എങ്കില്‍ ആദ്യം എന്തിനാണ് NPR മാന്വലില്‍ ഒരു വിശേഷ ദിന പട്ടിക ചേര്‍ത്തിരിക്കുന്നത് എന്ന് മനസിലാക്കണം.
NPR തയ്യാറാക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശങ്ങളാണ് മാന്വലില്‍ ഉള്ളത് എന്ന് നേരത്തെ പറഞ്ഞല്ലോ.
ആ നിര്‍ദ്ദേശങ്ങളില്‍ ഒരാളുടെ ജനന വിവരങ്ങള്‍ ശേഖരിക്കുന്ന ഘട്ടത്തില്‍ അയാള്‍ക്കോ വീട്ടുകാര്‍ക്കോ ടിയാന് ജനിച്ച വര്‍ഷം അറിയാം പക്ഷെ മാസമോ ദിവസമോ അറിയില്ല എന്ന സാഹചര്യം വന്നാല്‍ എന്ത് ചെയ്യണം എന്ന് പറയുന്നുണ്ട്.
കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ എന്തൊക്കെ ചോദ്യങ്ങള്‍ ചോദിച്ചു ഏകദേശം ജനിച്ച മാസം ഊഹിക്കാം എന്ന് ഉദ്യോഗസ്ഥര്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് മാന്വല്‍ അവിടെ ചെയ്യുന്നത്.
മാന്വലിന്റെ 16ആം പേജിലെ 4(C) എന്ന ഭാഗം നോക്കിയാല്‍ മതി.
‘ആദ്യം മഴക്കാലത്തിന് മുന്‍പാണോ അതിന് ശേഷമാണോ ആള് ജനിച്ചത് എന്ന് ചോദിക്കുക. മഴക്കാലത്തിന് മുന്‍പാണ് എന്ന് പറഞ്ഞാല്‍ New Year’s Day, Guru Gobind Singh Jayanti, Makara Sankranti, Pongal, Republic Day, Basant Panchami, Maharishi Dayanand SaraswatiJayanti, Maha
Shivrtari, Holi, Gudi Padwa, Ramnavmi, Vaisakhi, Bihu, Mahabir Jayanti,
Good Friday, Budh Purnima ഇവയില്‍ ഏതെങ്കിലും ഉത്സവം നടന്ന മാസമാണോ എന്ന് ചോദിക്കുക. ആണെങ്കില്‍ അതിന് ചേര്‍ന്നതായ ഇംഗ്ലീഷ് കലണ്ടറിലെ മാസം രേഖപ്പെടുത്തുക. ഇനി മഴക്കാലത്തോ അതിന് ശേഷമോ ആണ് ജനിച്ചത് എന്ന് പറഞ്ഞാല്‍ Nagapanchami,
Janamashtmi, Raksha Bandhan, Independence Day, Ganesh Chaturthi, Onam, Dussehra, Gandhi Jayanti, Diwali, Bhai Duj, Maharishi Valmiki Jayanti, Chhath Puja, Guru Nanak Jayanti, Ayyappa Festival, Christmas festival എന്നിവയില്‍ ഏതെങ്കിലും നടന്ന മാസം ആയിരുന്നോ ജനനം എന്ന് ചോദിക്കുക. ആണെങ്കില്‍ ആ ഉത്സവത്തിന് അനുസൃതമായുള്ള ഇംഗ്ലീഷ് മാസം രേഖപ്പെടുത്തുക. നിങ്ങളുടെ സൗകര്യത്തിനായി ഇത്തരത്തില്‍ ചോദിക്കാവുന്ന പ്രധാന ഉത്സവങ്ങളുടെ പട്ടികയും അവ വരുന്ന ഇംഗ്ലീഷ്/ഗ്രിഗോറിയന്‍ കലണ്ടറിലെ മാസങ്ങളുടെ പേരും ഈ മാന്വലിന്റെ അവസാനം അനക്സ് 5 ആയി ചേര്‍ത്തിട്ടുണ്ട്.’
ഇതാണ് ശരിക്കുള്ള സംഭവം.
ഈ ആവശ്യത്തിന് മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് ഒരു സഹായമായിക്കോട്ടെ എന്ന് കരുതി വിശേഷ ദിവസങ്ങളും അവ വരുന്ന ഇംഗ്ലീഷ് മാസവും പറയുന്ന ഒരു പട്ടിക പോലും മാന്വലില്‍ ചേര്‍ത്തിരിക്കുന്നത്.
അല്ലാതെ ഇന്ത്യയില്‍ ആചരിക്കാവുന്ന വിശേഷ ദിനങ്ങള്‍ പുനര്നിശ്ചയിക്കാനല്ല.
അപ്പോള്‍ എന്താണ് അക്കൂട്ടത്തില്‍ മുസ്ലിം ഉത്സവങ്ങള്‍ ഉള്‍പ്പെടുത്താത്തത്?
ഇന്ത്യയുടെ മതേതര സ്വഭാവം മുന്‍നിര്‍ത്തി രണ്ടുമൂന്ന് മുസ്ലിം ആഘോഷങ്ങള്‍ കൂടി കൂട്ടത്തില്‍ ചേര്ക്കമായിരുന്നില്ലേ?
ഇന്ത്യയുടെ മതേതര ബാലന്‍സിംഗ് തൂക്കമൊപ്പിച്ചു ശരിപ്പെടുത്താന്‍ അല്ല, സെന്‍സസ് നടത്തുന്ന ഉദ്യോഗസ്ഥരുടെ പണി എളുപ്പമാക്കാന്‍ ആണ് ഈ മാന്വല്‍ ഉണ്ടാക്കിയിരിക്കുന്നത്.
ആ പണിയില്‍ ഒരു നിലക്കും സഹായിക്കുന്നതല്ല ഒരു മുസ്ലിം ഉത്സവവും.
ഈ ചേര്‍ത്തിരിക്കുന്ന ആഘോഷങ്ങള്‍ എല്ലാം സൂര്യ വര്‍ഷവുമായി ബന്ധിതമായ സോളാര്‍ കലണ്ടര്‍ ഫെസ്റ്റിവല്‍സ് ആണ്.
അത് കൊണ്ട് തന്നെ അവ വരാവുന്ന ഗ്രിഗോറിയന്‍ മാസം ഏതാണെന്നു കൃത്യമായി മനസിലാക്കാനും സാധിക്കും.
എന്നാല്‍ ഇസ്ലാമിക കലണ്ടര്‍ എന്നത് ചന്ദ്ര മാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ലൂണാര്‍ കലണ്ടര്‍ ആണ്.
29/30 ദിവസങ്ങള്‍ ദൈര്‍ഘ്യം വരുന്ന 12 ചന്ദ്ര മാസങ്ങള്‍ ചേര്‍ന്ന് ആകെ 354/355 ദിവസങ്ങള്‍ മാത്രമാണ് ഒരു ഇസ്ലാമിക വര്‍ഷത്തില്‍ ഉള്ളത്.
അതില്‍ ഗ്രിഗോറിയന്‍ കലണ്ടറിനെ അപേക്ഷിച്ചു ഓരോ വര്‍ഷവും 10 ദിവസങ്ങള്‍ കുറവാണ്.
അത് കൊണ്ട് തന്നെ ഓരോ മൂന്ന് ഇംഗ്ലീഷ് വര്‍ഷങ്ങള്‍ കൂടുമ്പോളും ഇസ്ലാമിക കലണ്ടറില്‍ ഒരു മാസത്തിന്റെ കുറവ് വരും.
ഒമ്പത് വര്‍ഷം കൂടുമ്പോള്‍ ഒരു ഋതു കാലം തന്നെ മാറി പോവും.
അതിനാല്‍ ആ കലണ്ടര്‍ പ്രകാരമുള്ള മുസ്ലിം ഉത്സവങ്ങള്‍ അടിസ്ഥാനമാക്കി അത് വന്ന ഇംഗ്ലീഷ് മാസം ഊഹിക്കാന്‍ ആര്‍ക്കും പറ്റില്ല.
വിഷു ഏപ്രില്‍ മാസത്തില്‍ ആണ് വരിക.
അതൊരിക്കലും മാര്‍ച്ചിലോ മെയിലോ ആവില്ല.
ഓണം ആഗസ്റ്റ്സെപ്റ്റംബര്‍ മാസങ്ങളില്‍ ആണ് വരിക.
ജൂലൈയില്‍ തന്നെ വരികയോ ഒക്ടോബറിലേക്ക് മാറി പോവുകയോ ഇല്ല.
എന്നാല്‍ ഇത് പോലെ റംസാന് ഏത് ഇംഗ്ലീഷ് മാസത്തില്‍ ആണെന്ന് പറയാന്‍ പറ്റുമോ?
2019ലെ റംസാന് കാലം മെയ് 5 മുതല്‍ ജൂണ്‍ 3 വരെയായിരുന്നു.
എന്നാല്‍ അഞ്ചു വര്‍ഷം മുന്‍പ് 2014ല്‍ ഇതേ റംസാന് ജൂണ്‍ 28 മുതല്‍ ജൂലൈ 28 വരെയായിരുന്നു താനും.
ഒരു വര്‍ഷം കൂടി പുറകോട്ട് പോയാല്‍ 2013ലെ റംസാന് ജൂലൈ 8 മുതല്‍ ഓഗസ്റ്റ് 7 വരെയും ആയിരുന്നു.
പത്ത് വര്‍ഷം പുറകോട്ട് പോയാല്‍ 2009ലെ റംസാന് ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 20 വരെയും ആയിരുന്നു.
അങ്ങനെയിരിക്കെ റംസാനില്‍ ജനിച്ചു എന്ന വിവരത്തെ ആശ്രയിച്ച് എങ്ങനെയാണ് ഏതെങ്കിലും സെന്‍സസ് ഉദ്യോഗസ്ഥന് ഒരാള്‍ ജനിച്ച ഇംഗ്ലീഷ് മാസം സുമാറെങ്കിലും തിട്ടപ്പെടുത്താന്‍ ആവുക?
റംസാനിന് പകരം മുഹറമോ ഈദോ ബക്രീദോ മിലാദ് ഉള് നബിയോ എടുത്താലും ഇത് തന്നെയാണ് അവസ്ഥ.
അത് കൊണ്ടാണ് ജനന മാസം തിട്ടപ്പെടുത്താന്‍ സഹായിക്കുന്ന ഉത്സവങ്ങളുടെ പട്ടികയില്‍ ഇസ്ലാമിക് കലണ്ടര്‍ അനുസരിച്ചുള്ള ഉത്സവങ്ങള്‍ ചേര്ക്കാതിരുന്നിട്ടുള്ളത്.
ആ പ്രക്രിയയെ ഈ പറഞ്ഞ ഉത്സവങ്ങള്‍ ഒരു നിലക്കും സഹായിക്കുന്നില്ല എന്നതാണ് അതിന്റെ ലളിത ന്യായം.
അല്ലാതെ മുസ്ലിം ഉത്സവങ്ങള്‍ രണ്ടാം കിട ആണെന്നല്ല.
ഇനി ബാക്കിയെല്ലാവരുടെ ആഘോഷത്തിനും സൂര്യനെ ആശ്രയിച്ചുള്ള സോളാര്‍ കലണ്ടറും മുസ്ലിങ്ങളുടെ ആഘോഷത്തിന് മാത്രം ചന്ദ്ര മാസം അനുസരിച്ചുള്ള ലൂണാര്‍ കലണ്ടറും ഏര്‍പ്പെടുത്തിയതാണ് ഇവിടുത്തെ വിവേചനം എന്നൊന്നും പറഞ്ഞു കളയില്ലെന്ന് പ്രതീക്ഷിക്കട്ടെ.
ഇസ്ലാമിക കലണ്ടര്‍ ഉണ്ടാക്കിയത് മോഡിയും ഷായും കൂടിയല്ലല്ലോ!
3) ഈ NPR ഇന്സ്ട്രക്ഷന് മാന്വലിലെ വിശേഷ ദിന പട്ടിക തന്നെ സമഗ്രവും സമ്പൂര്‍ണ്ണവും ആയ പൊതു അവധി പട്ടികയല്ലെന്നും മനസിലാക്കണം.
സെന്‍സസിലെ വിവര ശേഖരണത്തിന് സഹായിക്കുന്ന ഏതാനും ഉത്സവങ്ങള്‍ ഉദ്യോഗസ്ഥരുടെ സൗകര്യാര്‍ത്ഥം പരാമര്‍ശിച്ചിട്ടുള്ള ഒരു ഹെല്പിങ് അനക്സര്‍ മാത്രമാണത്.
അതില്‍ പരാമര്‍ശിക്കാതെ പോയിട്ടുള്ള ധാരാളം ഹിന്ദു ഉത്സവങ്ങളും ഉണ്ട്.
അത് കൊണ്ട് അവയൊന്നും ഇനിയങ്ങോട്ട് ഉത്സവങ്ങള്‍ അല്ലാതെ ആവുന്നില്ല.
മാന്വലില്‍ പറയാത്ത വിശേഷ ദിവസങ്ങള്‍ ഒക്കെ റദ്ദായെങ്കില് വിഷുവും തിരുവാതിരയും ആവണി അവിട്ടവും കര്‍ക്കിടക വാവും ഒക്കെ റദ്ദായിട്ടുണ്ടാവണം.
‘ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്ന് തോന്നും’ എന്ന് പറയുന്ന അവസ്ഥയാണിത്.
സദാ മുസ്ലിം വിവേചനത്തെ പറ്റി മാത്രം ഓര്‍ത്തിരിക്കുന്നവര്‍ക്ക് എന്ത് കണ്ടാലും അതില്‍ മുസ്ലിം വിവേചനം തെളിയുകയാണ്.
NPR മുസ്ലിം വിരുദ്ധമാണ് എന്നൊരു മുന്‍വിധി ആദ്യമേ മനസ്സില്‍ നിറച്ചു വെച്ചാല്‍ പിന്നെ NPR സംബന്ധിയായ വായനകള്‍ മുഴുവന്‍ ആ മുന്‍വിധി ഉറപ്പിക്കാനുള്ള തെളിവു ശേഖരണം മാത്രമായി പോവും.
എങ്ങനെയും തെളിവ് സമ്പാദിക്കണം എന്ന വ്യഗ്രത കൂടി അതില്‍ ചേരുമ്പോള്‍ ഉള്ളതിനെ തെറ്റായി വ്യാഖ്യാനിക്കാനും ഇല്ലാത്തതിനെ സ്വയം സൃഷ്ടിച്ചെടുക്കാനും ഒക്കെയുള്ള ബാധ്യതയും വരും.
അപ്പോഴാണ് ഇങ്ങനെയുള്ള അബദ്ധങ്ങളൊക്കെ പറ്റുന്നത്.
മുന്‍വിധി മാറ്റി വെച്ചു സ്വതന്ത്രമായ മനസ്സോടെ വസ്തുതകളെ അഭിമുഖീകരിച്ചു തുടങ്ങുക എന്നതല്ലാതെ ഇതിന് വേറെ പരിഹാരമൊന്നുമില്ല.
തെളിവില്ലെങ്കിലും വെളിവ് നയിക്കട്ടെ.
https://www.facebook.com/photo.php?fbid=10157141071492984&set=a.10150891504677984&type=3&theater
Discussion about this post