ആലപ്പുഴ: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പാകിസ്ഥാന്റെ രാഷ്ട്ര പിതാവായ മുഹമ്മദലി ജിന്നയെ പോലെയാണ് പെരുമാറുന്നതെന്ന് ബിജെപി നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.കെ കൃഷ്ണദാസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയതിനാണ് പിണറായി വിജയനെ വിമര്‍ശിച്ചുകൊണ്ട് പി.കെ കൃഷ്ണദാസ് രംഗത്തെത്തിയത്. കേരളത്തെ ഇന്ത്യയില്‍ നിന്നും വിഘടിച്ചുകൊണ്ട് സംസ്ഥാനത്തെ പ്രത്യേക രാജ്യമാക്കി മാറ്റാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. ആലപ്പുഴയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
‘ഇന്ത്യയെ രണ്ടാക്കുന്നതിനായി മുഹമ്മദലി ജിന്ന സമര്‍പ്പിച്ച പ്രമേയത്തിന് സമാനമാണ് പൗരത്വ നിയമഭേദഗതിക്കെതിരെ പിണറായി വിജയന്‍ സമര്‍പ്പിച്ച പ്രമേയവും. നിയമപരമായ കാര്യങ്ങളില്‍ അദ്ദേഹം കൂടുതല്‍ അറിവ് സമ്പാദിക്കേണ്ടതായുണ്ട്. പാര്‍ലമെന്റില്‍ പാസാക്കിയ നിയമം കേരളത്തില്‍ നടപ്പിലാക്കില്ല എന്ന് എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത്. പിണറായി വിജയന്‍ തന്റെ നിലപാടില്‍ നിന്നും വ്യതിചലിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ ചീഫ് സെക്രട്ടറി ഈ വിഷയത്തില്‍ പ്രസ്താവനകള്‍ ഇറക്കണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിണറായി വിജയന്റെ താളത്തിന് തുള്ളുകയാണ്.’ പി.കെ കൃഷ്ണദാസ് വ്യക്തമാക്കി.
നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ സംസാരിച്ച ഒ. രാജഗോപാലിനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിന് പിന്നില്‍ പിണറായി വിജയനാണ്. യു.എ.പി.എയെ എതിര്‍ത്തവര്‍ തന്നെ പിന്നെ അത് നടപ്പാക്കുന്നതാണ് നമ്മള്‍ കണ്ടത്. പൗരത്വ നിയമഭേദഗതിയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കും. ഇപ്പോഴുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. പി.കെ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
Discussion about this post