ഡൽഹി: വിമാനവാഹിനിക്കപ്പലായ വിക്രമാദിത്യയിൽ വിജയകരമായി ലാൻഡ് ചെയ്ത് ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റിന്റെ (എൽസിഎ) നേവി വേരിയന്റ്, തേജസ് പോർവിമാനം. നേരത്തെ തന്നെ വ്യോമസേനയുടെ ഭാഗമായ തേജസ് ഇത് ആദ്യമായാണ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലിൽ ലാൻഡ് ചെയ്യുന്നത്. റഷ്യ, അമേരിക്ക, ഫ്രാൻസ്, യുണൈറ്റഡ് കിങ്ഡം, ചൈന എന്നിവയ്ക്ക് ശേഷം ഒരു വിമാനവാഹിനിക്കപ്പലിൽ വിമാനം ലാൻഡിങ് ശേഷി നേടിയ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി.
ഐഎൻഎസ് വിക്രമാദിത്യ എന്ന വിമാനവാഹിനിക്കപ്പലിന്റെ ഡെക്കിലേക്കാണ് തേജസ് വിമാനം വിജയകരമായി ഇറങ്ങിയത്. അറബിക്കടലിലാണ് ഐഎൻഎസ് വിക്രമാദിത്യ നിലവിലുള്ളത്. ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റിന്റെ (എൽസിഎ) നാവിക പതിപ്പ് ശനിയാഴ്ച രാവിലെയാണ് വിജയകരമായി ഇറങ്ങിയത്. രണ്ട് സീറ്റുള്ള എൽസിഎ രാവിലെ 10.02 ന് വിക്രമാദിത്യയുടെ ഡെക്കിൽ വിജയകരമായി ഇറങ്ങിയതായി നാവികസേന സ്ഥിരീകരിച്ചു. ഈ നേട്ടത്തിലൂടെ, വിമാനവാഹിനിക്കപ്പൽ അധിഷ്ഠിത യുദ്ധപ്രവർത്തനങ്ങൾക്ക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനം പ്രയോഗിക്കാനും ഇന്ത്യക്ക് സാധിക്കും. ഇന്ത്യൻ നാവികസേനയ്ക്കായി ഇരട്ട എൻജിൻ ഡെക്ക് അധിഷ്ഠിത യുദ്ധവിമാനത്തെ വികസിപ്പിക്കാനും നിർമിക്കാനും വഴിയൊരുക്കുമെന്നാണ് അറിയുന്നത്.
എൽസിഎയുടെ എയർഫോഴ്സ് വേരിയന്റിന് തേജസ് എന്ന് പേരിട്ടിട്ടുണ്ട്. ഇത് ഇതിനകം തന്നെ പ്രവർത്തിക്കുന്നുണ്ട്. 83 അധിക തേജസ് വിമാനങ്ങൾക്ക് വ്യോമസേന ആവശ്യപ്പെട്ടിട്ടുമുണ്ട്. നിലവിലെ എയർ വേരിയന്റിന് വ്യോമ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും കനത്ത ബോംബുകളുപയോഗിച്ച് പരമ്പരാഗതമായി ആക്രമിക്കാനും കഴിയും.
2016 ഡിസംബറിൽ അന്നത്തെ നേവി ചീഫ് അഡ്മിറൽ സുനിൽ ലാൻബ തേജസ് നിരസിച്ചപ്പോൾ എൽസിഎയുടെ നാവിക പതിപ്പിന് വലിയ തിരിച്ചടിയായി. നിലവിൽ പ്രവർത്തിക്കുന്ന റഷ്യൻ നിർമിത മിഗ് -29 കെ യ്ക്ക് അനുബന്ധമായി 57 പുതിയ യുദ്ധവിമാനങ്ങൾ വാങ്ങാൻ നാവികസേന ആവശ്യപ്പെട്ടിട്ടുണ്ട്. 2030-31 ഓടെ മിഗ് -29 കെ മാറ്റിസ്ഥാപിക്കാനാണ് നാവികസേന ശ്രമിക്കുന്നത്.
Discussion about this post