ഇന്ത്യന്‍ നാവികസേനയ്ക്കായി നിര്‍മ്മാണത്തിലിരിയ്ക്കുന്ന നാലു യുദ്ധക്കപ്പലുകള്‍ക്ക് വേണ്ടി അത്യന്താധുനിക ആയുധങ്ങളും സെന്‍സറുകളും വാങ്ങുന്നതിനായി 6150 കോടി രൂപയുടെ പാക്കേജ് അനുവദിച്ച് പ്രതിരോധമന്ത്രാലയം. ഇതുകൂടിയാകുമ്പോള്‍ നാലു യുദ്ധക്കപ്പലുകളുടെ മുഴുവന്‍ ചിലവ് 35800 കോടി രൂപയാകും.
ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍, ബാരക് കരവായു മിസൈല്‍ സംവിധാനം, 127മില്ലീമീറ്റര്‍ പീരങ്കിത്തോക്കുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവയെല്ലാമടങ്ങിയ ശക്തമായ ആക്രമണ ആയുധങ്ങളാണ് ഈ യുദ്ധക്കപ്പലുകളില്‍ ഘടിപ്പിക്കുന്നത്. ഏത് സാഹചര്യത്തിനേയും നേരിടത്തക്കനിലയിലാണ് ഇതിന്റെ നിര്‍മ്മാണം.
മുപ്പത് നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വരെ പോകാനാകുന്ന ഈ യുദ്ധക്കപ്പലുകളില്‍ അത്യന്താധുനികമായ മള്‍ട്ടി ഫങ്ഷന്‍ സര്‍വലന്‍സ് ആന്‍ഡ് ത്രെട്ട് അലര്‍ട്ട് റഡാറുകള്‍ (MFSTAR) ഉള്‍പ്പെടെ അനേകം റഡാ!റുകളും സെന്‍സറുകളുമുണ്ട്. 163മീറ്റര്‍ നീളമുള്ള ഈ കപ്പലുകളില്‍ യുദ്ധവിമാനങ്ങള്‍ക്ക് പറന്നുയരാനും പറന്നിറങ്ങാനുമുള്ള ഫ്‌ലൈറ്റ് ഡക്കുകളും രണ്ട് ഹെലികോപ്ടറുകള്‍ സൂക്ഷിയ്ക്കാനുള്ള ഹെലി ഹാങ്ങറുകളും ഉണ്ട്.
ഈ നാലു യുദ്ധക്കപ്പലുകള്‍ കൂടി വരുന്നതോടെ ഇന്ത്യന്‍ നാവികസേനയുടെ സംഹാരശക്തി പതിന്മടങ്ങാകും. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള മിസൈല്‍ സംവിധാനങ്ങളും കൂടിയാകുന്നതോടെ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട നാവികശക്തികളിലൊന്നായി ഇന്ത്യ മാറുമെന്ന് പ്രതിരോധവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഐ എന്‍ എസ് വിശാഖപട്ടണം, ഐ എന്‍ എസ് മോര്‍മുഗവൊ, ഐ എന്‍ എസ് ഇമ്ഫാല്‍ എന്നിങ്ങനെയാണ് ഈ കപ്പലുകള്‍ക്ക് നാമകരണം ചെയ്തിരിയ്ക്കുന്നത്. നാലാമത്തെ യുദ്ധക്കപ്പലിനു നാമകരണം ചെയ്തിട്ടില്ല. മുംബൈയിലെ മസഗവോന്‍ ഡോകിലാണ് ഈ കപ്പലുകള്‍ നിര്‍മ്മിയ്ക്കുന്നത്.
Discussion about this post