ഓക്ലാൻഡ്: ന്യൂസിലാൻഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ടീം ഇന്ത്യ. കീവിസിനെതിരായ രണ്ടാം ട്വെന്റി20 മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ബാറ്റിംഗിലും ബൗളിംഗിലും ഒരേ പോലെ മേധാവിത്വം പുലർത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാൻഡിനെ കൃത്യതയാർന്ന ബൗളിംഗിലൂടെ ഇന്ത്യ പിടിച്ചു നിർത്തി. 20 ഓവർ പൂർത്തിയാക്കിയപ്പോൾ 5 വിക്കറ്റിന് 132 റൺസ് നേടാനേ ആതിഥേയർക്ക് സാധിച്ചുള്ളൂ. മാർട്ടിൻ ഗപ്ടിലും ടിം സീഫർട്ടും 33 റൺസ് വീതം നേടിയപ്പോൾ കോളിൻ മണ്രോ 26 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ശാർദുൽ ഠാക്കൂറും ബൂമ്രയും ശിവം ദുബെയും ഓരോ വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിൽ കരുതലോടെ കളി തുടങ്ങിയ ഇന്ത്യക്ക് 8 റൺസെടുത്ത രോഹിത് ശർമ്മയെ ആദ്യം നഷ്ടമായി. നായകൻ കോഹ്ലിയും 11 റൺസുമായി മടങ്ങിയപ്പോൾ ഇന്ത്യ അപകടം മണത്തു. എന്നാൽ പിന്നീട് ഒത്തുചേർന്ന രാഹുൽ- ശ്രേയസ് അയ്യർ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അർദ്ധ സെഞ്ചുറി നേടിയ രാഹുൽ 57 റൺസുമായി പുറത്താകാതെ നിന്നപ്പോൾ അയ്യർ 33 പന്തിൽ 44 റൺസുമായി മടങ്ങി. ശിവം ദുബെ 8 റൺസുമായി പുറത്താകാതെ നിന്നു. ന്യൂസിലാൻഡിന് വേണ്ടി ടിം സൗത്തി 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇഷ് സോധിക്ക് ഒരു വിക്കറ്റ് ലഭിച്ചു.
നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിലും 204 റൺസ് പിന്തുടർന്ന ഇന്ത്യ വിജയം നേടിയിരുന്നു.
സ്കോർ
ന്യൂസിലാൻഡ്: 20 ഓവറിൽ 5ന് 132
ഇന്ത്യ: 17.3 ഓവറിൽ 3ന് 135
Discussion about this post