ഇസ്ലാമാബാദ്: ഇന്ത്യയുമായി ഒളിപ്പോരല്ല നേരിട്ടുള്ള യുദ്ധമാണ് വേണ്ടതെന്ന മുറവിളിയുമായി പാകിസ്ഥാൻ പാര്‍ലമെന്റില്‍ ഒരു കൂട്ടം എം.പിമാര്‍. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനോടാണ് എം.പിമാര്‍ ഇന്ത്യയ്ക്കെതിരെ യുദ്ധം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടത്. ജംഇയ്യത്തുല്‍ ഉലമയെ ഇസ്ലാം ഫസല്‍ എന്ന പാര്‍ട്ടിയുടെ എം.പിമാരാണ് ഈ വാദമുയര്‍ത്തിയത്.
കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പാഠം പഠിപ്പിക്കണമെന്നും യുദ്ധം നടന്നാല്‍ ലോകരാഷ്ട്രങ്ങള്‍ ഈ വിഷയത്തില്‍ ഇടപെടുമെന്നും അവര്‍ പറഞ്ഞു. ജംഇയ്യത്തുല്‍ ഉലമയെ ഇസ്ലാം ഫസലിന്റെ നേതാവായ മൗലാന അബ്ദുള്‍ അക്ബര്‍ ചിത്രാലിയാണ് കാശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണണമെങ്കില്‍ ഇന്ത്യയ്ക്കെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് അഭിപ്രായപ്പെട്ടത്.
പാകിസ്ഥാന് യുദ്ധം പ്രഖ്യാപിച്ചാല്‍ അന്താരാഷ്ട്ര സമൂഹം ഇടപെടുമെന്നും കാശ്മീര്‍ വിഷയത്തില്‍ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി പത്തിന് യുദ്ധം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഈ ഏറെ നേരം ചൂടേറിയ ചര്‍ച്ച നടന്നിട്ടും പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഒരക്ഷരം പോലും മിണ്ടിയില്ലെന്നും പാക് മാദ്ധ്യമം ഡോണ്‍ റിപ്പോര്‍ട്ടു ചെയ്തു.
അതേസമയം പാകിസ്ഥാനെ തകര്‍ക്കാന്‍ ഇന്ത്യക്കു വേണ്ടത് വെറും 10 ദിവസങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രസ്താവിച്ചിരുന്നു. ഡല്‍ഹിയില്‍ എന്‍സിസി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യവെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പാകിസ്ഥാനെ നിലക്കു നിര്‍ത്താന്‍ മുന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാന്‍ ശ്രമിക്കുകയും, ഐക്യരാഷ്ട്ര സഭയെ അതിനായി ഉപയോഗിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ ചെയ്തികള്‍ക്ക് നിശിതമായ ഭാഷയിലാണ് ഇന്ത്യ പ്രതികരിക്കുന്നത്. അതേ സമയം കാശ്മീരില്‍ പാക് പിന്തുണയോടെ എത്തുന്ന തീവ്രവാദികളെ തുടച്ചുനീക്കുന്ന സൈന്യത്തിന്റെ നടപടി അന്തിമഘട്ടത്തിലുമാണ്.
Discussion about this post