അരുദ്ധതി റോയിയെ മദ്യപാനി എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി അഡ്വക്കറ്റ് എ ജയശങ്കര്‍.താന്‍ പറഞ്ഞതില്‍ അരുദ്ധതി റോയിയ്ക്ക് വിഷമം തോന്നാന്‍ ഇടയില്ലെന്നും പറഞ്ഞത് സത്യമാണെന്നും ജയശങ്കര്‍ പറഞ്ഞു. ഇതെല്ലാം അരുദ്ധതി റോയി നിഷേധിക്കുമെന്ന് താന്‍ വിചാരിക്കുന്നില്ല. കാരണം സത്യം സത്യമാണ്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം ബുദ്ധിജീവികളെ റോക്കറ്റില്‍ കയറ്റി ശൂന്്യാകാശത്തേക്ക് അയക്കണമെന്നും ജയങ്കര്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചാനലിലെ പ്രോഗ്രാമിനിടെയാണ് ജയശങ്കറിന്റെ പ്രതികരണം.
അരുദ്ധതി റോയിയെ കുറിച്ച് താന്‍ പറഞ്ഞത് സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് എന്നാണ് ഇടത് ബുദ്ധിജീവികള്‍ പറയുന്നത്. എന്നാല്‍ താന്‍ പറഞ്ഞതില്‍ എന്ത് സ്ത്രീ വിരുദ്ധതയാണ് ഉള്ളത് എന്ന് തനിക്ക് മനസിലാകുന്നില്ല.താന്‍ ഗാന്ധിജിയേക്കാള്‍ അരുദ്ധതിയെ സ്‌നേഹിക്കുന്ന ആളല്ല. ബുദ്ധിജീവികള്‍ കുരക്കുന്നത് തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ലോ കോളേജില്‍ നടന്ന പരിപാടിക്കിടെ ഒരു വിദ്യാര്‍ത്ഥിനിയില്‍ നിന്ന് ഗാന്ധിജിയെ നിന്ദിക്കുന്ന ചോദ്യം ഉയര്‍ന്നിരുന്നു. ബ്രാഹ്മണന്‍ ശുദ്രനാകുന്നതും, ശുദ്രന്‍ ബ്രാഹ്മണനാകുന്നതും തനിക്ക് സങ്കല്‍പിക്കാന്‍ പറ്റില്ലെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു ആ ചോദ്യം. ഗാന്ധി അത്തരമൊരു പ്രസ്താവന നടത്തിയെന്ന് താന്‍ കരുതുന്നില്ലെന്ന് ആ കുട്ടിക്ക് മറുപടി നല്‍കി. എന്നാല്‍ അരുദ്ധതി റോയി ലിറ്റററി ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ ഇത് പറഞ്ഞല്ലോ എന്ന് ചോദ്യകര്‍ത്താവായ കുട്ടി ചൂണ്ടിക്കാട്ടി. ”രക്തസാക്ഷി ദിനത്തില്‍ അരുദ്ധതിയെ കൂട്ടുപിടിച്ച് ഗാന്ധിജിയെ അപമാനിക്കാനായിരുന്നു ആ ചോദ്യമെന്ന് തനിക്ക് വ്യക്തമായി. ഇന്ത്യയുടെ രാഷ്ട്രപിതാവാണ്. ആ സമയത്ത് നമ്മള്‍ക്ക് സൗമ്യതയും, ക്ഷമയും അത്രയൊന്നും പാലിക്കാനുള്ള ഹൃദയ വിശാലത തനിക്കില്ല”-ജയശങ്കര്‍ പറഞ്ഞു. ഇത്തരത്തില്‍ പറഞ്ഞതിന് ജയിലില്‍ പോകാന്‍ വരെ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജി ജാതിയ വാദിയാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ചില കേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്നുണ്ട്. കാഞ്ച ഐലയ്യയെ പോലുള്ളവരാണ് ഇത്തരം പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. പട്ടേലിനെ പ്രധാനമന്ത്രിയാക്കാതിരുന്നത് വൈശ്യനായ ഗാന്ധിജി ശുദ്രനായ പട്ടേലിനെ പ്രധാനമന്ത്രിയാക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ടാണെന്നും, അതിനാല്‍ ബ്രാഹ്മണനായ നെഹ്‌റുവിനെ പ്രധാനമന്ത്രിയാക്കിയെന്നും ഇത്തരം ആളുകള്‍ വാദിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ പ്രധാനിയാണ് അരുദ്ധതി റോയി. അവര്‍ ഇത്തരത്തിലുള്ള പല ജല്‍പനങ്ങളും നടത്തിയിട്ടുണ്ട്. വലിയ തോതില്‍ കൊലപാതകം നടത്തുന്ന മാവോയിസ്റ്റുകളോട് അവര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും. കശ്മീരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കണം എന്നാഗ്രഹിക്കുന്ന തീവ്രവാദികളുടെയും, വിഘടനവാദികളുടെയും പിന്തുണക്കാരിയായി അറിയപ്പെടുന്ന ആളാണ്. അക്കാര്യം പരസ്യമായി പ്രഖ്യാപിച്ചവരാണ്. യുപിഎ ഭരണ കാലത്ത് ഇത്തരം നിലപാടുകള്‍ ശക്തമായി സ്വീകരിച്ചിരുന്ന ഇവര്‍ ഇപ്പോള്‍ അത്തരം നിലപാടുകള്‍ സ്വീകരിക്കുന്നില്ല. പ്രത്യാഘാതം ഭയങ്കരമായിരിക്കും എന്ന് കരുതിയിട്ടാകണം ഇതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ പരാതി നല്‍കിയ എസ്എഫ്‌ഐ നേതാക്കള്‍, അരുദ്ധതി റോയിയ്‌ക്കെതിരെ നിങ്ങളുടെ നേതാക്കള്‍ മുമ്പ് വിളിച്ച് തെറികളെ കുറിച്ച് അറിയാത്തവരാണെന്നും അദ്ദേഹം പറയുന്നു. ഇഎംഎസിനെതിരെ അരുദ്ധതി റോയിയുടെ ഗോള്‍ഡ് ഓഫ് സ്‌മോള്‍ തിംഗ്‌സില്‍ പരാമര്‍ശമുണ്ട്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് അന്ന് സിപിഎം നേതാക്കളും എസ്എഫ്‌ഐക്കാരും നടത്തിയത്. അരുദ്ധതി റോയിയുടെ നോവലിന്റെ പരിഭാഷ മലയാളത്തില്‍ വൈകിയത് അതുകൊണ്ടാണ്. ഇപ്പോള്‍ ഇവരെല്ലാം അരുദ്ധതി റോയിയെ പിന്തുണക്കുന്നത് ശുദ്ധ ഇരട്ടതാപ്പാണെന്നും ജയശങ്കര്‍ പറഞ്ഞു.
ഇവിടെയുള്ള ബുദ്ധിജീവികളെല്ലാം തനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ജയശങ്കര്‍ പറയുന്നു. ബുദ്ധിജീവികളില്‍ പലര്‍ക്കും തന്നെ പണ്ടേ ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post