കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗുരുതരമായ പിശകാണ് ഉണ്ടായതെന്നും ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകുമെന്നും സ്‌കൂൾ മാനേജ്‌മെന്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. മൂന്നു ദിവസത്തിനകം സ്‌കൂൾ മറുപടി നൽകണം. സ്‌കൂളിന്റെ ചുമതലയുണ്ടായിരുന്ന കൊല്ലം എഇഒ ആന്റണി പീറ്ററിനോട് വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചു.
സ്‌കൂൾ മാനേജ്മെന്റിന് എതിരെ നടപടി എടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ട്. ആവശ്യമെങ്കിൽ സ്‌കൂൾ തന്നെ സർക്കാരിന് ഏറ്റെടുക്കാം. വീഴ്ച ഉണ്ടെന്നു കണ്ടാൽ നോട്ടിസ് നൽകി പുതിയ മാനേജരെ നിയമിക്കാം. സർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ സ്‌കൂളിന്റെ അംഗീകാരം തിരിച്ചെടുക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
മരിച്ച മിഥുന്റെ കുടുംബത്തിന് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് മുഖേന വീടു നിർമിച്ചു നൽകും. ഇളയ കുട്ടിയുടെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഫീസ് ഉൾപ്പെടെ ഒഴിവാക്കി ഉത്തരവിറക്കും. മിഥുന്റെ കുടുംബത്തിന് വിദ്യാഭ്യാസവകുപ്പ് മൂന്നു ലക്ഷം രൂപ സഹായം നൽകും. മുഖ്യമന്ത്രി എത്തിയ ശേഷം തുടർസഹായം സംബന്ധിച്ച് ചർച്ച നടത്തും. സ്‌കൂളിന്റെ പിടിഎ പുനഃസംഘടിപ്പിക്കണം. ഇക്കര്യത്തിൽ തദ്ദേശവകുപ്പിന്റെ നിലപാട് അറിയാൻ തദ്ദേശവകുപ്പ് മന്ത്രിയുമായി ബന്ധപ്പെടും. സ്‌കൂൾ നടത്തിപ്പിന്റെ മേൽനോട്ടം തദ്ദേശവകുപ്പിനാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post