മുംബൈ: എതിര്‍പ്പുകളെ അവഗണിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ്പവാര്‍ അധ്യക്ഷനായ ട്രസ്റ്റിന് സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കി ഉദ്ധവ് താക്കറെ സര്‍ക്കാര്‍. ശരത് പവാറിന്റെ നേതൃത്വത്തിലുള്ള വസന്ത്ദാഡ പഞ്ചസാര മില്ലിന് 10 കോടി രൂപ വിലവരുന്ന ഭൂമിയാണ് സര്‍ക്കാര്‍ നല്‍കിയത്. 51 ഏക്കര്‍ വരുന്ന സര്‍ക്കാര്‍ ഭൂമിയുടെ മതിപ്പ് വില മാത്രമാണ് ഇത്.
ജാല്‍നയിലെ പധര്‍വാലയിലാണ് 51.33 ഹെക്ടര്‍ ഭൂമി സ്ഥിതിചെയ്യുന്നത്. സംസ്ഥാന വിത്ത് ഉല്‍പ്പാദന കേന്ദ്രത്തിനായി കൃഷി വകുപ്പ് വാങ്ങിയതാണ് ഈ സ്ഥലം. ഭൂമി കൈമാറുന്നതിനെ സംസ്ഥാന റവന്യൂവകുപ്പും, ധനകാര്യവകുപ്പും എതിര്‍ത്തിരുന്നു. സംസ്ഥാന അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായവും ഭൂമി കൈമാറ്റത്തിന് എതിരായിരുന്നു. ഇതെല്ലാം അവഗണിച്ചാണ് താക്കറെ സര്‍ക്കാരിന്റെ നടപടി.
ശരദ് പവാര്‍ ചെയര്‍മാനായ ട്രസ്റ്റില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, എക്‌സൈസ് മന്ത്രി ദിലീപ് വാള്‍സ് പട്ടീല്‍, ധനകാര്യമന്ത്രി ജയന്ത് പട്ടീല്‍, റവന്യൂ മന്ത്രി ബാലാസാഹേബ് തോറോത്ത്, എന്നിവര്‍ ബോര്‍ഡ് അംഗങ്ങളാണ്. ഭൂമി കൈമാറ്റത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.









