ഭീകരവാദികളെ സ്വന്തം മണ്ണിൽ പോറ്റിവളർത്തുന്നതും നിയന്ത്രിക്കുന്നതും പാകിസ്താനാണെന്ന യാഥാർത്ഥ്യം ഒടുവിൽ അന്താരാഷ്ട്ര വേദിയിൽ പരസ്യമായി തുറന്നുസമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ (UNGA) അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പാകിസ്താന്റെ ദീർഘകാല വിദേശനയത്തെയും വ്യാജ വാദങ്ങളെയും ആകെ തുറന്നുകാട്ടുന്ന ഈ നിർണായക വെളിപ്പെടുത്തൽ അദ്ദേഹം നടത്തിയത്. സ്വന്തം സൈന്യം ഭീകരരെ വധിച്ചതുകൊണ്ടാണ് അവർ വിദേശ രാജ്യങ്ങളിലേക്ക് പടരാതിരുന്നതെന്ന വിചിത്രമായ ന്യായീകരണവുമായാണ് ഷെഹ്ബാസ് ഷെരീഫ് രംഗത്തെത്തിയത്.
“ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ലോകത്തിലെ മറ്റ് ഏത് രാജ്യത്തേക്കാളും വലിയ ത്യാഗമാണ് പാകിസ്താൻ ചെയ്തിട്ടുള്ളത്. പാക് സേന ലക്ഷ്യമിട്ടുള്ള ഏറ്റുമുട്ടലുകളിലൂടെ ഈ ഭീകരരെ വധിച്ചില്ലായിരുന്നെങ്കിൽ, അവർ ഇന്ന് ന്യൂയോർക്കിന്റെയോ ലണ്ടന്റെയോ അല്ലെങ്കിൽ വിദൂര കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെയോ തെരുവുകളിൽ സ്വതന്ത്രരായി വിലസുറുമായിരുന്നു. അതിനാൽ ഞങ്ങളുടെ ഈ പ്രതിരോധവും ത്യാഗവും ലോകരാഷ്ട്രങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം,” എന്ന് ഷെഹ്ബാസ് ഷെരീഫ് യുഎൻ വേദിയിൽ പറഞ്ഞു.
പാകിസ്താന്റെ മണ്ണിൽ ഭീകരവാദികളും ഭീകര സംഘടനകളും സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്നും അവരെ നേരിടുന്നത് പാകിസ്താന്റെ മാത്രം ദയകൊണ്ടാണെന്നുമുള്ള ഷെരീഫിന്റെ പരാമർശം ഇന്ത്യ ഉന്നയിച്ചുപോന്ന വാദങ്ങളെ ശരിവെക്കുന്നതാണ്. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം പാകിസ്താനാണെന്ന് ആഗോള തലത്തിൽ വീണ്ടും തെളിയിക്കപ്പെടാൻ പാക് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന വഴിവെച്ചുവെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തൽ. ഷെരീഫിന്റെ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ പാകിസ്താന് വലിയ നയതന്ത്ര തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.











