പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. തെളിവിന്റെ കണിക പോലുമില്ലാത്തതിനാൽ ഒളിച്ചോടേണ്ട സാഹചര്യമില്ലെന്നും, തെളിവുകളില്ലാതെ പാർട്ടിക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങളെ ശക്തമായ പ്രതിഷേധങ്ങളിലൂടെ നേരിടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതുകൊണ്ടൊന്നും സിപിഎമ്മിനെ തകർക്കാനാവില്ലെന്നും എൽ.ഡി.എഫ് യോഗം ഉടൻ വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ മാസപ്പടി വിവാദത്തിൽ സംസ്ഥാന പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് നിർണായക നീക്കങ്ങളാണ് നടക്കുന്നത്. ഇഡി കത്ത് നൽകി 15 ദിവസത്തിന് ശേഷമാണ് സർക്കാർ ഈ നടപടിയിലേക്ക് കടന്നിരിക്കുന്നത്. പിണറായി വിജയനെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാമെന്നായിരുന്നു എജിയുടെയും ഡിജിപിയുടെയും നിയമോപദേശം. എന്നാൽ ഹവാല ഇടപാട് വിജിലൻസിന് അന്വേഷിക്കാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
നേരിട്ട് എഫ്.ഐ.ആർ എടുത്താൽ പ്രതികൾ കോടതിയെ സമീപിച്ചാൽ ഉണ്ടാകാനിടയുള്ള തിരിച്ചടി ഒഴിവാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണമെന്നാണ് സർക്കാരിന്റെ വിശദീകരണം. ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡിജിപിക്ക് കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന എസ്.ഐ.ടി സംഘം ഇഡി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും, ഇഡിയുടെ കണ്ടെത്തലുകളിൽ നിന്നും ഹവാല ഇടപാടിൽ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിക്കുകയും ചെയ്യും. മുപ്പത് ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ നയപരമായ തീരുമാനമുണ്ടായത്.









