ജമ്മുകാശ്മീരിൽ വീണ്ടും കരുതൽ തടങ്കൽ. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും ജമ്മുകശ്മീർ പീപ്പിൾസ് മൂവ്മെന്റിന്റെ തലവനുമായ ഷാ ഫൈസലിനെയാണ് പോലീസ് പൊതു സുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ഒരു ദിവസം മുമ്പ്, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മാരായ ഫറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി,, ഒമർ അബ്ദുല്ല എന്നിവരെയും വിചാരണ കൂടാതെ തടവിൽ വെക്കാവുന്ന പൊതു സുരക്ഷാനിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജമ്മുകശ്മീരിലെ പരിതസ്ഥിതി കണക്കിലെടുത്ത് പാസാക്കിയ പൊതു സുരക്ഷാ നിയമത്തിൽ (പി.എസ്.എ) രണ്ടു സെക്ഷനുകൾ ഉണ്ട്. പൊതു സുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്താനുള്ള ആദ്യ സെക്ഷൻ പ്രകാരം കസ്റ്റഡിയിലെടുത്ത ഒരാളെ വിചാരണകൂടാതെ ആറുമാസം വരെ കരുതൽ തടങ്കലിൽ വയ്ക്കാം. കശ്മീരിന്റെ ആഭ്യന്തര സുരക്ഷയെ കണക്കിലെടുത്തു കൊണ്ടുള്ള രണ്ടാമത്തെ സെക്ഷനിൽ പെടുത്തി ഒരാളെ കസ്റ്റഡിയിൽ എടുത്താൽ രണ്ടു വർഷം വരെ തടവിൽ വെക്കാൻ നിയമം അനുശാസിക്കുന്നുണ്ട്.










