ഡാറ്റാ സേവനങ്ങൾ ആവശ്യമില്ലാത്ത സാധാരണ മൊബൈൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്ന സുപ്രധാന തീരുമാനവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇന്റർനെറ്റ് ഉപയോഗിക്കാതെ വോയിസ് കോളുകളും എസ്എംഎസ് സേവനങ്ങളും മാത്രം ഉപയോഗിക്കുന്നവർക്കായി ചിലവ് കുറഞ്ഞ പ്രത്യേക റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കാൻ എല്ലാ ടെലികോം കമ്പനികൾക്കും ട്രായ് നിർദ്ദേശം നൽകി. പുതിയ ഉത്തരവനുസരിച്ച്, ഡാറ്റ ആനുകൂല്യങ്ങളില്ലാത്ത കുറഞ്ഞ നിരക്കിലുള്ള റീച്ചാർജ് വൗച്ചറുകൾ വിവിധ വാലിഡിറ്റി കാലയളവുകളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ടെലികോം സേവനദാതാക്കൾ ബാധ്യസ്ഥരാണ്.
ഇന്റർനെറ്റ് ആവശ്യമില്ലെങ്കിലും കൂടിയ തുക നൽകി ഡാറ്റ കൂടി ഉൾപ്പെടുന്ന റീച്ചാർജ് പ്ലാനുകൾ എടുക്കാൻ നിർബന്ധിതരാകുന്ന സാധാരണക്കാരായ ഉപഭോക്താക്കളുടെ പരാതി പരിഗണിച്ചാണ് ഈ നടപടി. നിലവിൽ ലഭ്യമായ അത്തരം വോയിസ് പ്ലാനുകൾ വളരെ പരിമിതമാണെന്നും അവ ദീർഘകാല വാലിഡിറ്റികളിൽ മാത്രമാണ് ലഭിക്കുന്നതെന്നും ട്രായ് കണ്ടെത്തിയിരുന്നു. തുടർന്ന് പൊതുജനങ്ങളിൽ നിന്നും വിവിധ മേഖലകളിൽ നിന്നും അഭിപ്രായ രൂപീകരണം നടത്തിയ ശേഷമാണ് 30 ദിവസത്തിൽ താഴെയുള്ള വാലിഡിറ്റിയും പ്രതിമാസ പുതുക്കാവുന്ന പ്ലാനുകളും ഉൾപ്പെടെയുള്ള പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരുത്തിയത്.
ഈ പുതിയ പരിഷ്കാരം വഴി ബജറ്റ് ഒതുക്കി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വയോധികർക്കും സാധാരണക്കാർക്കും കീശയിലൊതുങ്ങുന്ന നിരക്കിൽ സേവനം ലഭ്യമാകും. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വിഐ, ബിഎസ്എൻഎൽ തുടങ്ങിയ പ്രധാന ടെലികോം കമ്പനികളെല്ലാം ഈ ഉത്തരവ് നടപ്പിലാക്കേണ്ടതുണ്ട്. ഡാറ്റ ഒഴിവാക്കിയുള്ള കുറഞ്ഞ നിരക്കിലുള്ള ഈ പാക്കുകൾ നിലവിൽ വരുന്നതോടെ രാജ്യത്തെ ദശലക്ഷക്കണക്കിന് ഫീച്ചർ ഫോൺ ഉപഭോക്താക്കൾക്ക് അനാവശ്യ ചിലവുകളില്ലാതെ സ്വന്തം സിം കാർഡുകൾ സജീവമായി നിലനിർത്താൻ സാധിക്കും.








