ഡൽഹി: സംസ്കൃതം ഭാഷകളുടെ മാതാവെന്ന് ബിജെപി എം പി സുബ്രഹ്മണ്യൻ സ്വാമി. സംസ്കൃതത്തിൽ നിന്നാണ് ഇതര ഇന്ത്യൻ ഭാഷകൾ ജനിച്ചതെന്നും സംസ്കൃതത്തെ മൃതഭാഷയെന്ന് വിശേഷിപ്പിക്കുന്നവർ ബൗദ്ധിക മൃത്യു സംഭവിച്ചവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിർമ്മിത ബുദ്ധിയുടെ മേഖലയിൽ നടക്കുന്ന ഗവേഷണങ്ങളിൽ സംസ്കൃതത്തിന്റെ പ്രാധാന്യം നാസ അടക്കമുള്ളവർ അംഗീകരിച്ചതാണെന്നും ഔദ്യോഗിക രേഖകൾ സഹിതം അദ്ദേഹം വിശദീകരിച്ചു. ആയിരത്തോളം വർഷങ്ങളുടെ പാരമ്പര്യമുള്ള സംസ്കൃതത്തിന്റെ വ്യാകരണവും സംസ്കൃത ഭാഷയിൽ രചിക്കപ്പെട്ടിരിക്കുന്ന ഗ്രന്ഥങ്ങളും പാശ്ചാത്യർ പ്രതിക്ഷയോടെയാണ് ഉറ്റു നോക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച കോൺഗ്രസ്സ്- ഡിഎംകെ നേതാക്കളെ സുബ്രഹ്മണ്യൻ സ്വാമി കണക്കിന് പരിഹസിച്ചു. നാസയുടെയും ഗൂഗിളിന്റെയും കണ്ടെത്തലുകൾ കോൺഗ്രസ്സ് പഠിക്കണമെന്നും ഇറ്റാലിയൻ നേതാക്കൾക്കും നിരക്ഷരർക്കും അവ മനസ്സിലായിക്കൊള്ളണം എന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ സ്ഥാപിക്കാൻ പോകുന്ന സംസ്കൃത സർവ്വകലാശാലകളെ കുറിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ പരാമർശം.
ബില്ലിനെ എതിർത്ത് സംസാരിച്ച എം ഡി എം കെ നേതാവ് വൈകോയുടെ യഥാർത്ഥ പേര് വൈ ഗോപാലസ്വാമി എന്നാണെന്നും ഗോപാലസ്വാമി എന്നത് സംസ്കൃത നാമമാണെന്നും സ്വാമി ചൂണ്ടിക്കാട്ടി. തമിഴും സംസ്കൃതവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതെന്നും സംസ്കൃത പഠനം സാർവ്വത്രികമാക്കിയാൽ വ്യത്യാസങ്ങൾ മറന്ന് ഇന്ത്യൻ ജനത ഏകീകരിക്കപ്പെടുമെന്നും സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി.
കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാൽ, കോൺഗ്രസ്സ് നേതാവ് ജയറാം രമേശ്, തൃണമൂൽ നേതാവ് സുഖേന്ദു ശേഖർ റോയ് എന്നിവരും ചർച്ചയിൽ സംസ്കൃതത്തിൽ പ്രസംഗിച്ചു.












