രാവിലെ എഴുന്നേറ്റ് കുട്ടികൾക്ക് ടിഫിൻ തയ്യാറാക്കി സ്കൂളിൽ വിടണം, പ്രായമായ മാതാപിതാക്കളെ ഡോക്ടറെ കാണിക്കാനുള്ള അപ്പോയിന്റ്മെന്റുകൾ കൃത്യമായി ഓർത്തെടുക്കണം, അവർക്ക് കഴിക്കാനുള്ള മരുന്നുകൾ സമയത്തിന് നൽകണം. ഇതിനിടയിൽ ജോലിസ്ഥലത്തെ മാനേജരുടെ ഇമെയിലുകൾക്ക് മറുപടി നൽകുകയും നിർദിഷ്ട ടാർഗെറ്റുകൾ തികയ്ക്കുകയും വേണം. എല്ലാവർക്കും എല്ലാ കാര്യത്തിനും നിങ്ങളെ വേണം, എന്നാൽ നിങ്ങളുടെ ആവശ്യങ്ങളും മാനസിക സമ്മർദ്ദങ്ങളും മനസ്സിലാക്കാൻ ആരുമില്ലാത്ത അവസ്ഥ. വാർധക്യത്തിലെത്തിയ മാതാപിതാക്കളുടെ പരിചരണവും വളർന്നുവരുന്ന മക്കളുടെ വിദ്യാഭ്യാസ-സാമ്പത്തിക ഭാരവും ഒരേസമയം ചുമലിലേറ്റേണ്ടി വരുന്ന മധ്യവയസ്കരായ ഈ വിഭാഗമാണ് ‘സാൻഡ്‌വിച്ച് ജനറേഷൻ’ എന്നറിയപ്പെടുന്നത്.
PTA മീറ്റിങ്ങുകൾ, ആശുപത്രി യാത്രകൾ, മാസാമാസം അടച്ചുതീർക്കാനുള്ള ഇഎംഐകൾ, അടുക്കള കാര്യങ്ങൾ എന്നിവയാൽ ഇക്കൂട്ടരുടെ ‘ടു-ഡൂ’ ലിസ്റ്റുകൾ ദിനംപ്രതി നീളുകയാണ്. സാൻഡ്‌വിച്ച് ജനറേഷനിൽപെട്ട ആളുകളിൽ ഭൂരിഭാഗവും കടുത്ത മാനസിക-ശാരീരിക വെല്ലുവിളികളാണ് നേരിടുന്നത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ഭാരം പേറേണ്ടി വരുന്നത് സ്ത്രീകളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പുരുഷന്മാരേക്കാൾ കൂടുതൽ സമയവും അധ്വാനവും മാതാപിതാക്കളുടെയും കുട്ടികളുടെയും പരിചരണത്തിനായി ചെലവഴിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നു.
ഒരു ദിവസം വീട്ടുജോലികൾക്കും പരിചരണത്തിനുമായി ഒരു സ്ത്രീ ശരാശരി 140 മിനിറ്റ് ചെലവഴിക്കുമ്പോൾ പുരുഷന്മാർ ഇതിനായി ചെലവഴിക്കുന്നത് വെറും 74 മിനിറ്റ് മാത്രമാണ്. ഇത് സ്ത്രീകളുടെ തൊഴിൽ മേഖലയിലെ മുന്നേറ്റത്തെയും ഭാവി വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നു. പലരും കരിയർ ഉപേക്ഷിക്കുകയോ പ്രൊമോഷനുകൾ വേണ്ടെന്നുവെക്കുകയോ ചെയ്യുന്ന അവസ്ഥയിലാണ്.
സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വിട്ടുമാറാത്ത മാനസിക സമ്മർദ്ദം, സ്വന്തം വിരമിക്കൽ കാലത്തേക്ക് (Retirement) സമ്പാദ്യം മാറ്റിവെക്കാൻ സാധിക്കാത്ത അവസ്ഥ എന്നിവ ഇക്കൂട്ടരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. മാതാപിതാക്കളുടെയും കുട്ടികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനിടയിൽ സ്വന്തം ആരോഗ്യവും സ്വപ്നങ്ങളും മാറ്റിവെക്കേണ്ടി വരുന്ന ഈ തലമുറയുടെ പ്രശ്നങ്ങൾ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ സങ്കീർണ്ണമായി മാറുകയാണ്.












