ഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ സമരം നടത്തുന്ന വിമുക്ത ഭടന്മാരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കുവാനും, സമരത്തിനായി നിര്‍മിച്ച പന്തലുകള്‍ പൊളിച്ചുമാറ്റുവാനും സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രമം. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തലസ്ഥാന നഗരത്തില്‍ രണ്ടുമാസത്തിലേറെ ആയി നടക്കുന്ന സമരക്കാര്‍ക്കെതിരേ സര്‍ക്കാര്‍ സത്വര നടപടി കൈക്കൊണ്ടത്.
ഇന്ന് രാവിലെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജന്തര്‍മന്ദറില്‍ ഉദ്യോഗസ്ഥരും, സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് വിമുക്ത ഭടന്മാര് നിരാഹാരം നടത്തിയിരുന്ന സമരപന്തല്‍ പൊളിച്ചുമാറ്റിയത്. ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതിയില്‍ അടിയന്തരമായി ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി നാലു മുന്‍ സൈനിക മേധാവികള്‍ ഒപ്പുവച്ച തുറന്ന കത്ത് നാളെ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൈമാറാനിരിക്കെയാണ് ഇന്ന് സമരക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം നടന്നത്.
നിലവില്‍ 2006നു മുന്‍പ് സര്‍വീസില്‍ നിന്നും വിരമിച്ച സെനികര്‍ക്ക് അതിനുശേഷം വിരമിച്ചവരെക്കാള്‍ കുറഞ്ഞ പെന്‍ഷനാണ് ലഭിക്കുന്നത്. തുടര്‍ന്ന് വന്ന ഓരോ ശമ്പള കമ്മീഷനുകളിലും പെന്ഷന് തുകയിലുളള വ്യത്യാസം ഇവര്‍ക്കിടയില്‍ വര്‍ധിക്കുകയും ചെയ്തു. ഈ വ്യത്യാസം ചൂണ്ടിക്കാട്ടി വിരമിക്കുന്ന കാലം പരിഗണിക്കാതെ ഒരേ റാങ്കില്‍ നിന്ന് ഒരേ സര്‍വീസുമായി പിരിയുന്നവര്‍ക്ക് തുല്യ പെന്ഷന് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിമുക്ത ഭടന്മാര് സമരത്തിനിറങ്ങിയത്.
Discussion about this post