തിരുവനന്തപുരം: മുന്‍രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ഥം ശാസ്ത്രവിദ്യാര്‍ഥികള്‍ക്കായി യൂത്ത് ചരണ്‍ പദ്ധതി പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ സംസാരിച്ചു. പദ്ധതിക്കായി 50 ലക്ഷം രൂപയാണ് നല്‍കുന്നത്. കൂടാതെ ഏഴുവികസന പരിപാടികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ലൈറ്റ് മെട്രോ, പാവപ്പെട്ടവര്‍ക്ക് ഒരുലക്ഷം വീടുകള്‍, വിഷപ്പച്ചക്കറിക്കെതിരെ ശക്തമായ നടപടി, വിലക്കയറ്റം തടയാനുള്ള നടപടികള്‍ ഇവയെല്ലാം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സര്‍ക്കാര്‍ തുടങ്ങിവെച്ച വികസനപദ്ധതികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമരംഗത്ത് വലിയ സ്വപ്നങ്ങളാണ് സംസ്ഥാനത്തിനുള്ളത്. വിവിധ ലക്ഷ്യങ്ങള്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴില്‍ 14 പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനോടകം ആരോഗ്യ വകുപ്പ് 30 പദ്ധതികള്‍ നടപ്പിലാക്കി. കാരുണ്യ പദ്ധതിയും ജനസമ്പര്‍ക്ക പരിപാടികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും ജനങ്ങള്‍ക്ക് സഹായകരമായി. ക്ഷേമ പെന്‍ഷനുകളുടെയും സാമ്പത്തിക സഹായങ്ങളുടെയും രൂപത്തില്‍ 12,350 കോടി രൂപയാണ് നാലു വര്‍ഷമായി സര്‍ക്കാര്‍ നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്. പോലീസ് വിശിഷ്ട സേവാമെഡലുകളും ധീരതയ്ക്കുള്ള മെഡലുകളും അദ്ദേഹം വിതരണം ചെയ്തു.
Discussion about this post