ലഖ്നൗ: വിദേശത്ത് നിന്നെത്തിയവരുടെ വിവര ശേഖരണത്തിന് പോയ ആശാ വർക്കറെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിന് രണ്ട് പേരെ ഉത്തർപ്രദേശ് പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ടാക്കിയയിലായിരുന്നു സംഭവം.
ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരുടെ വിവരങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു താനെന്നും ഇതിനിടെ ചില ആളുകൾ തനിക്കെതിരെ അസഭ്യ വർഷവുമായി പാഞ്ഞടുക്കുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ആയിരുന്നുവെന്നും ആശ വർക്കർ പറഞ്ഞു. അവർ തന്റെ പക്കലുണ്ടായിരുന്ന രേഖകൾ വലിച്ചു കീറിയെന്നും ഇവർ പരാതിപ്പെടുന്നു.
ആശാ വർക്കറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ പ്രതികളായ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് പറഞ്ഞു. ബാക്കിയുള്ളവർ ഉടൻ പിടിയിലാകുമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയിട്ടുള്ളതായും പൊലീസ് വ്യക്തമാക്കുന്നു.
Discussion about this post