മഹാരാഷ്ട്രയിൽ, മുംബൈയിലെ ധാരാവിയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം നൂറ് കടന്നു. വെള്ളിയാഴ്ച ചേരിയിൽ 15 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു.ഇതോടെ ഇവിടെ രോഗബാധിതരുടെ എണ്ണം 101 ആയി.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണ് മുംബൈയിലെ ധാരാവി.ഇവിടെ മാത്രം രോഗബാധയേറ്റ് ഇതുവരെ പത്തു പേർ മരിച്ചിട്ടുണ്ട്.ഏതാണ്ട് എട്ട് ലക്ഷം പേർ തിങ്ങിപ്പാർക്കുന്ന ധാരാവിയിൽ സാമൂഹ്യ അകലം പോലുള്ള മുൻകരുതലുകൾ പ്രായോഗികമല്ല. നേരത്തെ തന്നെ മഹാരാഷ്ട്ര സർക്കാർ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്ന ഇവിടെ, പോലീസുകാർ ബാരിക്കേഡുകൾ ഉപയോഗിച്ച് പ്രദേശങ്ങൾ നിയന്ത്രിക്കുകയാണ്.വൈറസിന്റെ ഒൻപത് പ്രഭവ മേഖലകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.









