കരിപ്പൂര്‍: വിദേശത്തു മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ രാജ്യത്തെത്തിക്കുന്നതിനുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് എത്തിച്ചു. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്.
കണ്ണൂര്‍ സ്വദേശി ഡേവിഡ് ഷാനി പറമ്പന്‍, തൃശ്ശൂര്‍ ജില്ലക്കാരനായ സത്യന്, തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി ശ്രീനിവാസന് മുത്തു ക്കറുപ്പന്‍, ഗോവ സ്വദേശി ഹെന്റി ഡിസൂസ, പത്തനംതിട്ട ജില്ലക്കാരായ കോശി മത്തായി, സിജോ ജോയ്, കൊല്ലം ജില്ലക്കാരനായ ജോണ്‍ ജോണ്സണ് എന്നിവരുടെ മൃതദേഹങ്ങളാണ് കരിപ്പൂരെത്തിച്ചത്.
ചരക്കുകയറ്റാനെത്തിയ ഫ്ലൈ ദുബായ് വിമാനത്തില്‍ രാവിലെ 11:30ഓടെ മൃതദേഹങ്ങള്‍ എത്തിച്ചെങ്കിലും നടപടിക്രമങ്ങള്‍ക്ക് ശേഷം വൈകീട്ട് 3.30നാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. മൃതദേഹങ്ങള്‍ എത്തിച്ച ചരക്ക് വിമാനം പിന്നീട് വിമാനം 20 ടണ്‍ പഴം, പച്ചക്കറികളുമായി ദുബായിലേക്ക് മടങ്ങി. പ്രവാസി മലയാളികളുടെ ശ്രമഫലമായാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായത്.
Discussion about this post