ഡല്‍ഹി: വിദേശത്തു നിന്നും പ്രവാസി ഇന്ത്യക്കാരെ രാജ്യത്തേക്ക് മടക്കി കൊണ്ടു വരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ലോകത്തിലെ 31 രാജ്യങ്ങളില്‍ നിന്നായി 145 ഫ്ളൈറ്റുകളില്‍ ആളുകളെ കൊണ്ടുവരാനുള്ള പദ്ധതിയാണ് വിദേശകാര്യമന്ത്രാലയവും എയര്‍ ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയിട്ടുള്ളതെന്ന് വി മുരളീധരന് പറഞ്ഞു.
ഗള്‍ഫിലെ ഓരോ രാജ്യത്തു നിന്നും കേരളത്തിലെ ഓരോ വിമാനത്താവളത്തിലേക്കും ചുരുങ്ങിയത് ഒരു വിമാനമെങ്കിലും ഒരു ദിവസം വരിക എന്നാണ് ഞാന്‍ മുന്നോട്ട് വെച്ചിട്ടുള്ള നിര്‍ദേശം. അങ്ങനെ നോക്കുമ്പോള്‍ ഓരോ വിമാനത്താവളത്തിലും ചുരുങ്ങിയത് ആറ് വിമാനമെങ്കിലും ദിവസവും വരും. അങ്ങനെ ദിവസം തോറും വിമാനം വരികയാണെങ്കില്‍ തിരക്ക് കുറയും. കേരളത്തിലേക്ക് 36 സര്‍വീസുകളാണ് രണ്ടാം ഘട്ടത്തില്‍ ചാര്‍ട്ട് ചെയ്തിട്ടുളളത്. എന്നാല്‍ കേരളത്തിലേക്കുള്ള വിമാനസര്‍വീസ് വര്‍ധിപ്പിക്കണം എന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും മുരളീധരന് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ ക്വാറന്റൈന് സൗകര്യങ്ങളും ആളുകളെ സ്വീകരിക്കുന്നതിനുളള തയ്യാറെടുപ്പും സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഇടയില്‍ നടന്നിട്ടുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ 45 വിമാനങ്ങള്‍ വരെ കൊണ്ടുവരാമെന്ന് ധാരണയായിട്ടുള്ളത്. വിമാനങ്ങളുടെ ലഭ്യതയില്‍ കുറവില്ല. സംസ്ഥാന സര്‍ക്കാര്‍ അതില്‍ക്കൂടുതല്‍ ആളുകളെ കൊണ്ടുവരാന്‍ അനുവദിക്കുകയാണെങ്കില്‍ അതില്‍ കൂടുതല്‍ ആളുകളെ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാട്ടിലേക്ക് വിമാനം കുറവായതുകൊണ്ടാണ് ആദ്യത്തെ വിമാനത്തില്‍ കയറാന്‍ വേണ്ടിയുള്ള തിരക്ക് ഉണ്ടാകുന്നത്. ഇന്ന് കിട്ടിയില്ലെങ്കില്‍ നാളെ വരാം എന്ന് ഒരു വിശ്വാസം അവരില്‍ ഉണ്ടാക്കാന്‍ സാധിച്ചാല്‍ അത്യാവശ്യക്കാര്‍ക്ക് ആദ്യം കയറി വരാന്‍ കഴിയുന്ന സ്ഥിതിയുണ്ടാകും. അനര്‍ഹരായ ആളുകള്‍ വലിയതോതില്‍ വരുന്നു എന്ന പരാതിയില്‍ തെളിവുകള്‍ കിട്ടായാല്‍ പരിശോധിക്കാമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി എല്ലാവരും നാട്ടിലേക്ക് വരാന്‍ അര്‍ഹതയുള്ളവരാണെന്നും ചൂണ്ടിക്കാട്ടി.
എയര്‍ ഇന്ത്യയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് പ്രവാസികളെ മടക്കിക്കൊണ്ടുവരാമെന്ന് പറഞ്ഞ് ആരും സിവില്‍ ഏവിയേഷനെ സമീപിച്ചതായി അറിവില്ലെന്നും സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് ഒരു വിമാനകമ്പനിയും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post