കൊൽക്കത്ത: വിനാശകാരിയായ ഉംപുൻ ചുഴലിക്കാറ്റിൽ വിറച്ച് പശ്ചിമ ബംഗാൾ. അതിശക്തമായി വീശിയടിച്ച ചുഴലിക്കാറ്റിൽ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ച നഗരങ്ങളിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. ദശാബ്ദങ്ങൾക്കിടെ ഉണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റിൽ കൊൽക്കത്ത വിമാനത്താവളം വെള്ളത്തിൽ മുങ്ങി.
ശക്തമായ മഴയിലും കാറ്റിലും പെട്ട് വിമാനത്താവളത്തിലെ പല കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കൊടുങ്കാറ്റിന്റെ വരവ് മുന്നിൽക്കണ്ട് വിമാനത്താവളം നേരത്തേ അടച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സംസ്ഥാനത്ത് ശക്തിപ്രാപിച്ച ചുഴലിക്കാറ്റിൽ 12 പേർക്ക് മരണം സംഭവിച്ചു.
West Bengal: A portion of Kolkata Airport flooded in wake of #CycloneAmphan. pic.twitter.com/J4vqFW39no
— ANI (@ANI) May 21, 2020
നോർത്ത്, സൗത്ത് 24 പർഗാന ജില്ലകളിൽ ഉംപുൻ സമ്പൂർണ്ണ നാശം വിതച്ചു. സമീപ സംസ്ഥാനമായ ഒഡിഷയിലും രണ്ട് പേർ മരിച്ചതായാണ് വിവരം. ഇരു സംസ്ഥാനങ്ങളിലും ദേശീയ ദുരന്ത നിവാരണ സേന ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ഈസ്റ്റ് മിഡ്നാപൂർ ജില്ലയെയും കൊടുങ്കാറ്റ് ഗുരുതരമായി ബാധിച്ചതായാണ് വിവരം.
അതേസമയം കൊറോണയേക്കാൾ വലിയ നാശമാണ് ഉംപുൻ ചുഴലിക്കാറ്റ് സംസ്ഥാനത്ത് വിതച്ചതെന്നും നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്കെടുപ്പ് പൂർത്തിയാകാൻ തന്നെ മൂന്നോ നാലോ ദിവസങ്ങൾ വേണ്ടി വരുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.
Discussion about this post