ശ്രീനഗര്‍: ശ്രീനഗറിലെ സൗരയില്‍ ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടത് നോമ്പു തുറക്കുന്നതിനുള്ള ഭക്ഷണം വാങ്ങാനായി കടയില്‍ നില്‍ക്കുന്നതിനിടെയെന്ന് റിപ്പോർട്ട്. ബിഎസ്എഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കര്‍ ഇ ത്വയ്ബ ഏറ്റെടുത്തതായും ബിഎസ്എഫ് ഉദ്യോഗസ്ഥന് പറഞ്ഞു.
സൗരയില്‍ പിക്കറ്റ് ഡ്യൂട്ടിയിലായിരുന്ന ഇരുവരും ബുധനാഴ്ച വൈകുന്നേരം നോമ്പു തുറക്കുന്നതിന് സാധനം വാങ്ങാനായി കടയിലെത്തിയിരുന്നു. ഇതിനിടെയാണ് മാര്‍ക്കറ്റിലൂടെ മോട്ടോര്‍ സൈക്കിളിലെത്തിയ ഭീകരർ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജവാന്മാരായ ജിയ ഉള് ഹക്ക്, റാണ മൊണ്ഡാല് എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങള്‍ ഭീകരർ കൈക്കലാക്കി, രക്ഷപ്പെട്ടു.
ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നുള്ളവരാണ് ഇരുവരും. മണിക്കൂറുകള്‍ നീണ്ട ഉപവാസത്തിനു ശേഷം വെള്ളം പോലും കുടിക്കാന്‍ സാധിക്കാതെയാണ് ഇരുവരും പോയത്. സഹപ്രവര്‍ത്തകരുടെ വിയോഗത്തില്‍ ബിഎസ്എഫ് ബറ്റാലിയന് അനുശോചനം രേഖപ്പെടുത്തുന്നതായും ഉദ്യോഗസ്ഥന് പറഞ്ഞു.
Discussion about this post