അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോൾ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി സിപിഐ. പദ്ധതി നടപ്പിലാക്കാൻ സമവായ ചർച്ചക്ക് വിളിച്ചാൽ നിലപാട് വ്യക്തമാക്കാനൊരുങ്ങുകയാണ് സിപിഐ. ചർച്ചകളോട് വിയോജിപ്പില്ലെന്നും എന്നാൽ അതിരപ്പിള്ളി പദ്ധതി വേണ്ടന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്നും സിപിഐ നേതൃത്വം വ്യക്തമാക്കി. മന്ത്രിസഭയിലോ മുന്നണിയിലോ വരാതെ എൻഒസി നൽകിയതിൽ സിപിഐക്ക് കടുത്ത വിയോജിപ്പുണ്ട്.
അതിരപ്പിള്ളിയിൽ സമവായത്തിന് ശ്രമിക്കുമെന്നും പദ്ധതി നടപ്പാക്കുമെന്നുമുള്ള എം എം മണിയുടെ പ്രസ്താവനയെ ഗൗരവകരമായി കാണേണ്ട എന്നാണ് സിപിഐ നിലപാട്. മുന്നണിയേയും മന്ത്രിസഭയേയും മറികടന്ന് മുന്നോട്ട് പോകാൻ കെ.എസ്.ഇ.ബിയ്ക്കോ വൈദ്യുത വകുപ്പിനോ കഴിയില്ല. സമവായ ചർച്ചക്ക് വിളിച്ചാൽ പോകുമെന്നും പദ്ധതി ഉപേക്ഷിക്കാൻ സമവായം ആകാം എന്നും സിപിഐ നേതൃത്വം പറയുന്നു.
കാലഹരണപ്പെട്ട അനുമതി പുതുക്കാൻ കെ.എസ്.ഇ.ബി പോയത് ഉദ്യോഗസ്ഥ തല നടപടി ആവാം. പക്ഷെ സിപിഐ നിലപാട് വ്യക്തമായിരിക്കെ മന്ത്രിസഭയിൽ ആലോചിക്കാത്തതിൽ സിപിഐക്ക് അമർഷമുണ്ട്. കലാവാസ്ഥ വ്യതിയാനം സംസ്ഥാനത്ത് പ്രകടമായിരിക്കെ പരിസ്ഥിയെ ദുർബലപ്പെടുത്തുന്ന നിലപാടിലേക്ക് ഇടതുമുന്നണി പോകരുതെന്ന് കക്ഷിനേതാക്കളെ കണ്ട് അറിയിക്കുമെന്നും സിപിഐ വ്യക്തമാക്കി.
Discussion about this post