ന്യൂഡൽഹി : മദ്യം വിൽക്കേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കേണ്ടത് സുപ്രീംകോടതിയുടെ പണിയല്ലെന്നും അതെങ്ങനെ വിൽക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി.മദ്യശാലകൾ അടക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഓൺലൈനിലൂടെ ഹോം ഡെലിവറിയായി മാത്രമേ മദ്യവിൽപ്പന നടത്താവൂ എന്ന നിർദേശം നിയമപരമായി നിലനിൽക്കില്ലായെന്ന് കോർപ്പറേഷനു വേണ്ടി അഭിഭാഷകനായ മുകുൾ റോത്തഗി വാദിച്ചു.എന്നാൽ, മദ്യവില്പനക്ക് ചട്ടക്കൂട് ഉണ്ടാക്കേണ്ടത് കോടതിയുടെ പണിയല്ലെന്നാണ് കോടതി പറഞ്ഞത്.ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതായിരുന്നു വിധി.മദ്യം എങ്ങിനെ വിൽക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം സംസ്ഥാന സർക്കാരിന് എന്നും കോടതി വ്യക്തമാക്കി.








