സ്വകാര്യ സംരംഭകർക്കായി ബഹിരാകാശ മേഖല തുറന്നു നൽകാൻ തീരുമാനമെടുത്ത കേന്ദ്രസർക്കാരിന് പിന്തുണയുമായി ഐ.എസ്.ആർ.ഒ ചെയർമാൻ കെ ശിവൻ.ഈ തീരുമാനം ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ നേട്ടങ്ങൾ വർധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് കെ ശിവൻ അഭിപ്രായപ്പെട്ടു.കേന്ദ്ര സർക്കാരിന്റെ തീരുമാനം രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും സുപ്രധാന മാറ്റത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.
ഇതുവഴി സ്റ്റാർട്ടപ്പുകൾക്കും സ്വകാര്യ കമ്പനികൾക്കും ഇനി ബഹിരാകാശ ഗവേഷണ രംഗത്ത് കൂടുതൽ കേന്ദ്രീകരിക്കാൻ ആകുമെന്ന് കെ.ശിവൻ വ്യക്തമാക്കി.റോക്കറ്റുകൾ നിർമിക്കുന്നതിലുൾപ്പെടെ സ്വകാര്യ സംരംഭകരെ പങ്കാളികളാക്കുമെന്നാണ് സൂചനകൾ. മാത്രമല്ല, ബഹിരാകാശ ഗവേഷണത്തിനായി ഇൻ-സ്പേസ് എന്ന പുതിയ ഉന്നതതല സമിതിയെ നിയമിച്ചിട്ടുണ്ടെന്നും ബഹിരാകാശ രംഗത്തെ സ്വകാര്യ പങ്കാളിത്ത പ്രവർത്തനങ്ങൾക്ക് ഈ സമിതി മാർഗനിർദേശം നൽകുമെന്നും ബഹിരാകാശ വകുപ്പ് മന്ത്രിയായ ജിതേന്ദ്ര സിങ് പറഞ്ഞു








