ന്യൂഡൽഹി : ഷവോമിയുടെ ഇന്ത്യ മാനേജിങ് ഡയറക്ടറായ മനു കുമാർ ജെയ്നിനെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ വ്യാപാര സംഘടന.ചൈനയെ ബഹിഷ്കരിക്കാനുള്ള ചിന്ത സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം ഒതുങ്ങുന്നതാണെന്ന പ്രസ്താവന കഴിഞ്ഞദിവസം മനുകുമാർ ജൈൻ നടത്തിയിരുന്നു.ഈ പ്രസ്താവനയെ തുടർന്നാണ് മനു കുമാർ ജൈനിനെതിരെ വ്യാപാരികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡേഴ്സ് രംഗത്ത് വന്നിരിക്കുന്നത്.
കോടിക്കണക്കിന് ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡേഴ്സ് വ്യക്തമാക്കി. മാത്രമല്ല, വിവേക ശൂന്യമായ അഭിപ്രായമാണ് മനു കുമാർ ജൈനിന്റേതെന്ന് സിഎഐടിയുടെ ദേശിയ പ്രസിഡന്റായ ബി.സി ഭാരതീയയും സെക്രട്ടറി ജനറൽ ഖണ്ടേൽവാളും പറഞ്ഞു.യഥാർത്ഥ ഇന്ത്യനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മനു കുമാർ ജെയ്ൻ ചൈനക്ക് വേണ്ടി വാദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡേഴ്സ് പറഞ്ഞു.








