ഡൽഹി: അതിർത്തിയിൽ ചൈനയുമായി നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. മുൻകൂർ അനുമതിയില്ലാതെ ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നും ഊർജ്ജോത്പന്നങ്ങൾ ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്ര ഊർജ്ജമന്ത്രി ആർ കെ സിംഗ് വ്യക്തമാക്കി.
പരിശോധനകൾ കൂടാതെ പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾക്ക് അനുമതി നിഷേധിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ചൈനീസ് കമ്പനികൾക്ക് ഉത്പന്നങ്ങൾ വിതരണം ചെയ്യാൻ നിയന്ത്രണങ്ങൾ കൊണ്ടു വരുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് മാത്രം അനുമതി നൽകുന്ന സംവിധാനത്തെക്കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മേക്ക് ഇൻ ഇന്ത്യ‘ പദ്ധതി മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കുന്നതായും സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ മികച്ച രീതിയിൽ സഹകരിച്ചാൽ പ്രതിവർഷം ചൈനയിലേക്ക് പോകുന്ന ഇരുപത്തോരായിരം കോടി രൂപ നമുക്ക് സ്വന്തമായി വിനിയോഗിക്കാൻ സാധിക്കുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.









