രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ. ‘വിശ്വസിച്ച് കൂടെ കൂട്ടുന്നവരാണ് ആദ്യം രാഹുലിന്റെ കുതികാൽ വെട്ടുന്നത്. അദ്ദേഹത്തിന് ഇപ്പോൾ കിംഗ് ലിയറിന്റെ അവസ്ഥയാണ്‘;- മണിശങ്കർ അയ്യർ പരിഹസിക്കുന്നു.
കോൺഗ്രസ്സിലെ രണ്ട് തലമുറകൾ തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായാണ് മണിശങ്കർ അയ്യറുടെ പരിഹാസം. രാഹുൽ മുതിർന്ന നേതാക്കൾക്ക് പരിഗണന നൽകുന്നില്ലെന്നും എന്നാൽ അവർ മാത്രമാണ് അവസാനം വരെ അദ്ദേഹത്തിന്റെ കൂടെ കാണുകയെന്നും അയ്യർ ചൂണ്ടിക്കാട്ടുന്നു. രാഹുൽ ഒരു കാലത്ത് ഏറെ വിശ്വസിച്ചിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നതും സച്ചിൻ പൈലറ്റ് കോൺഗ്രസ്സുമായി ഇടഞ്ഞു നിൽക്കുന്നതും വ്യംഗ്യമായി സൂചിപ്പിക്കുന്നതാണ് മണിശങ്കർ അയ്യറുടെ പരിഹാസം.
എന്നാൽ കോൺഗ്രസ്സിൽ അർഹമായ പരിഗണന യുവാക്കൾക്ക് ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടത്. സമാനമായ ആരോപണങ്ങളാണ് സച്ചിൻ പൈലറ്റും ഉന്നയിക്കുന്നത്. പാർട്ടിയിലെ ഇരു തലമുറകളിലും പെട്ട നേതാക്കളെ ഒരുമിച്ച് കൊണ്ടു പോകാൻ സാധിക്കാതെ ധർമ്മസങ്കടത്തിൽ അകപ്പെട്ടിരിക്കുന്ന ദേശീയ നേതൃത്വത്തെ കൂടുതൽ കുഴപ്പത്തിലാക്കുന്നതാണ് തകർച്ചയിലും തുടരുന്ന മൂപ്പിളമ തർക്കങ്ങളും അധികാര വടംവലികളും.










