ഡൽഹി: ചൈനയ്ക്കെതിരെ കർശനമായ നിലപാടുമായി ഇന്ത്യ. വിലക്കുറവിന്റെ പേരിൽ ഇന്ത്യൻ വിപണിയിൽ വൻ ലാഭമുണ്ടാക്കുന്ന ചൈനീസ് ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ കേന്ദ്ര വാണിജ്യ മന്ത്രാലയം തയ്യാറെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പദ്ധതിയായ ‘ആത്മനിര്‍ഭര്‍ ഭാരത്‘ പദ്ധതിയുടെ ഭാഗമായി ഇറക്കുമതി കുറച്ച് കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്കു ഗുണനിലവാര പരിശോധന കര്‍ശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടം, സ്റ്റീല്‍ ബാര്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ടെലികോം ഉപകരണങ്ങള്‍, യന്ത്രഭാഗങ്ങൾ, പേപ്പര്‍, റബര്‍ നിർമിത വസ്തുക്കൾ, ഗ്ലാസ് തുടങ്ങി 371 ഉല്‍പന്നങ്ങള്‍ക്ക് ഇനി മുതൽ ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഗുണനിലവാരം ഉറപ്പാക്കേണ്ടി വരും. ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിപണിയിലേക്ക് ഒഴുക്കുന്നതിനു തടയിടുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം തന്നെ വാണിജ്യമന്ത്രാലയം ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങളുടെ പട്ടിക തയാറാക്കിയിരുന്നു. വരുന്ന മാർച്ച് മുതൽ ഇത് പ്രാബല്യത്തിൽ വരും.
ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ 371 എണ്ണമാണ് നിലവാരക്കുറവുള്ളതായി വാണിജ്യ മന്ത്രാലയം കണ്ടെത്തിയിരിക്കുന്നതെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് അറിയിച്ചു. ഇവയ്ക്ക് ഗുണനിലവാര പരിധി നിശ്ചയിച്ച് കാണ്ഡല, മഹാരാഷ്ട്ര, കൊച്ചി എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍ ബിഐഎസ് ഉദ്യോഗസ്ഥരെ നിയമിച്ച് കസ്റ്റംസ് സഹകരണത്തോടെ പരിശോധന കർശനമാക്കാനാണ് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം.
ഉത്പന്നങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ ഡിസംബറോടെ പ്രസിദ്ധീകരിക്കാനാണ് സാദ്ധ്യത. ‘ഒരു രാജ്യം, ഒരു ഗുണനിലവാരം’ എന്ന പദ്ധതിക്കു വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി അറിയിച്ചു.
ചൈനീസ് ഉത്പന്നങ്ങളുടെ ഏറ്റവും ജനപ്രിയ വിപണികളിലൊന്നാണ് ഇന്ത്യ. ഗുണനിലവാരമില്ലാത്ത ചൈനീസ് ഉത്പന്നങ്ങളെ കർശനമായി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം നിലവിലെ സാഹചര്യത്തിൽ ചൈനക്ക് കനത്ത പ്രഹരമാകും. ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പിന്തുടർന്ന് നിരവധി രാജ്യങ്ങൾ ചൈനീസ് ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതേ മാതൃകയിൽ ചൈനീസ് ഉത്പന്നങ്ങൾക്കും വൻ തോതിൽ നിയന്ത്രണം വരുമോയെന്ന് ചൈന ഭയപ്പെടുന്നു.










