തന്റെ ശരീരഭാരം 135 കിലോയിൽ നിന്ന് 89 കിലോയായി കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഒറ്റയടിക്ക് 46 കിലോ തൂക്കം കുറച്ച് വൻ മേക്കോവർ നടത്തിയത് ദിനചര്യയിലും ജീവിതശൈലിയിലും വരുത്തിയ കാതലായ മാറ്റങ്ങൾ കൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിഡ് മഹാവ്യാധിക്ക് ശേഷമാണ് സ്വന്തം ആരോഗ്യത്തിന് മുൻഗണന നൽകണമെന്ന തിരിച്ചറിവുണ്ടായതെന്നും അത് തന്റെ ജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവായിരുന്നുവെന്നും പ്രമുഖ കൊറിയോഗ്രാഫറും സംവിധായികയുമായ ഫറാ ഖാന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗഡ്കരി തുറന്നുപറഞ്ഞു.
മുൻപ് യാതൊരു ആസൂത്രണമോ അച്ചടക്കമോ ഇല്ലാത്ത രീതിയിലായിരുന്നു തന്റെ ജീവിതശൈലിയെന്ന് മന്ത്രി സമ്മതിച്ചു. രാത്രി വൈകി വരെ ജോലി ചെയ്യുന്ന തിരക്കുപിടിച്ച സമയക്രമമാണെങ്കിലും, ദിവസവും രാവിലെ 7 മണിക്ക് എഴുന്നേൽക്കും. തുടർന്ന് രണ്ടര മണിക്കൂറോളം വ്യായാമത്തിനായി മാറ്റിവെക്കുന്നുണ്ട്. വ്യായാമം എന്നത് വല്ലപ്പോഴും ചെയ്യുന്ന ഒന്നല്ലെന്നും, അത് ഒഴിച്ചുകൂടാനാവാത്ത ദിനചര്യയായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും തുടർന്നതോടെയാണ് ആരോഗ്യകരമായ രീതിയിൽ 46 കിലോയോളം ഭാരം കുറയ്ക്കാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ ഈ ശാരീരിക മാറ്റവും ഫിറ്റ്നസ് സന്ദേശവും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്.










