ടെഹ്റാൻ : ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് പൂർണ്ണ നിയന്ത്രണമുണ്ടെന്നും ഉപരോധം പിൻവലിച്ചെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി ഇറാൻ ഭരണകൂടം. തങ്ങളുടെ ഉപാധികൾ അംഗീകരിക്കുന്നത് വരെ തന്ത്രപ്രധാനമായ ഈ സമുദ്രപാത അടഞ്ഞുതന്നെ കിടക്കുമെന്നും അമേരിക്കൻ അധികൃതരുടെ വ്യാജ വാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റാൻ പോകുന്നില്ലെന്നും ഇറാന്റെ പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി വ്യക്തമാക്കി. യു.എസ് മാധ്യമങ്ങളിലൂടെയും ട്രൂത്ത് സോഷ്യലിലൂടെയും ട്രംപ് നടത്തുന്ന പ്രചാരണങ്ങൾ തങ്ങളുടെ ഉപരോധത്തെ ബാധിക്കില്ലെന്നും സമുദ്രപാതയിൽ തങ്ങൾക്കുള്ള അധികാരം വീണ്ടെടുക്കുമെന്നുമാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.
നേരത്തെ, അമേരിക്കൻ നാവികസേന ഹോർമുസ് കടലിടുക്കിന് ചുറ്റും അതിശക്തമായ ‘പ്രതിരോധ മതിൽ’ തീർത്തിട്ടുണ്ടെന്നും സമുദ്രപാതയുടെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാന്റെ സൈനിക അടിത്തറ തകർന്നുവെന്നും അമേരിക്കയെ തടയാൻ അവർക്ക് സാധിക്കില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. എന്നാൽ, യു.എസ് നയതന്ത്ര ഉപരോധവും യുദ്ധവും അവസാനിപ്പിക്കുക, ഇറാന്റെ മരവിപ്പിച്ച വിദേശ ആസ്തികൾ വിട്ടുനൽകുക, ഗാസയിലും ലെബനനിലും പൂർണ്ണ വെടിനിർത്തൽ പ്രഖ്യാപിക്കുക എന്നീ വ്യവസ്ഥകൾ പാലിക്കാതെ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കില്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ മൊഹ്സെൻ റെസായി വ്യക്തമാക്കി.
ലോകത്തിലെ ആകെ എണ്ണ ഗതാഗതത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഈ തർക്കം ആഗോള സാമ്പത്തിക മേഖലയെയും എണ്ണ വിപണിയെയും വീണ്ടും വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തർക്കം രൂക്ഷമായതോടെ പ്രതിദിനം 130-ലധികം കപ്പലുകൾ സഞ്ചരിച്ചിരുന്ന ഈ പാതയിലൂടെയുള്ള ചരക്ക് ഗതാഗതം വൻതോതിൽ കുറഞ്ഞു. അതേസമയം, ഇരുരാജ്യങ്ങളും തമ്മിൽ മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി പിന്നാമ്പുറ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സമുദ്രപാതയിലെ യുദ്ധസമാനമായ സാഹചര്യം തുടരുകയാണ്.








