കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിനിമാ ഷൂട്ടിംഗുകൾ മുടങ്ങുകയും തിയേറ്റർ റിലീസുകൾ നിർത്തിവെക്കപ്പെടുകയും ചെയ്തതോടെ വെബ് സീരീസിലേക്ക് കളം മാറ്റി ചവിട്ടി സിനിമാ ലോകം. തെന്നിന്ത്യൻ താര സുന്ദരി സായ് പല്ലവിയും സൂപ്പർ ഹിറ്റ് സംവിധായകൻ വെട്രിമാരനും ഒന്നിക്കുന്ന വെബ് സീരീസ് അണിയറയിൽ ഒരുങ്ങുന്നു.
ദേശീയ പുരസ്കാര ജേതാവും പ്രമുഖ തെന്നിന്ത്യൻ നടനുമായ പ്രകാശ് രാജും ഈ വെബ് സീരീസിൽ അഭിനയിക്കുന്നുണ്ട്. അച്ഛൻ- മകൾ വേഷത്തിലായിരിക്കും സായ് പല്ലവിയും പ്രകാശ് രാജും വെബ് സീരീസിൽ എത്തുക.
പ്രശസ്ത ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സ് ആണ് സീരീസ് നിർമിക്കുന്നതെന്നാണ് റിപ്പോർട്ട്. സെപ്റ്റംബറിൽ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വെബ് സീരീസ്, മണിരത്നത്തിന്റെ ‘നവരസ‘ പരമ്പരയുടെ ഭാഗമായിട്ടാകും പ്രേക്ഷകർക്ക് മുന്നിലെത്തുക. നാല് ദക്ഷിണേന്ത്യൻ ഭാഷകളിലായിട്ടാണ് ‘നവരസ‘ ഒരുങ്ങുന്നത്.
പ്രേമം, കലി, മാരി, അതിരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സായ് പല്ലവി. അസുരൻ, ആടുകളം, വട ചെന്നൈ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് വെട്രിമാരൻ.












