സാമൂഹ്യ വിരുദ്ധന്മാരിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ ബൈക്ക് അപകടത്തിൽ പെട്ട് പെൺകുട്ടിക്ക് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ ഗൗതം ബുദ്ധ നഗർ സ്വദേശിനിയായ സുദീക്ഷയാണ് മരിച്ചത്.
അമ്മാവനോടുപ്പം ബൈക്കിൽ ബന്ധുക്കളെ സന്ദർശിക്കാൻ പോകവെ സാമൂഹ്യ വിരുദ്ധർ പിന്നാലെ കൂടുകയായിരുന്നു. ബൈക്കിലെത്തിയ പൂവാലന്മാർ വാഹനത്തിന്റെ നിയന്ത്രണം തെറ്റിക്കുകയും തുടർന്ന് തെറിച്ചു വീണ സുദീക്ഷയ്ക്ക് റോഡിൽ തലയിടിച്ച് തത്ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു.
യുപിയിലെ ദാദ്രി സ്വദേശിനിയായ സുദീക്ഷയുടെ പിതാവ് ഒരു ചായക്കച്ചവടക്കാരനാണ്. പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയിരുന്ന സുദീക്ഷയ്ക്ക് അമേരിക്കയിലെ ബോക്സോൺ കോളേജിൽ നിന്നും 3.83 കോടി രൂപയുടെ സ്കോളർഷിപ്പ് ലഭിച്ചത് വാർത്തയായിരുന്നു. തുടർന്ന് അമേരിക്കയിൽ പഠനത്തിനായി പോയ പെൺകുട്ടി കൊവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയിരുന്നു. ഓഗസ്റ്റ് 20ന് യു എസിലേക്ക് മടങ്ങാനിരിക്കവെയാണ് ദുരന്തം സംഭവിച്ചത്.
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇവർ ഉടൻ പിടിയിലാകുമെന്നും ഉത്തർ പ്രദേശ് പൊലീസ് അറിയിച്ചു.








