പഞ്ചാബിലെ സർക്കാർ സ്കൂളുകളിലെ രൂക്ഷമായ അധ്യാപക ക്ഷാമത്തിൽ സ്വന്തം സർക്കാരിനെതിരെ പരസ്യമായി പ്രതികരിച്ച മൗർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ സുഖ്‌വീർ സിംഗ് മൈസർഖാനയെ ആം ആദ്മി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി നേതൃത്വം ഇയാൾക്കെതിരെ ഉടനടി നടപടിയെടുത്തത്. ഫേസ്ബുക്ക് ലൈവിലൂടെ വികാരാധീനനായി എത്തിയാണ് താൻ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ സ്കൂളുകളിലെ ദുരവസ്ഥയും അധ്യാപകരുടെ കുറവും എംഎൽഎ ചൂണ്ടിക്കാണിച്ചത്.
കുട്ടികളുടെ ഭാവി വെച്ച് പന്താടരുതെന്നും അധ്യാപകരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഭഗവന്ത് മൻ, മനീഷ് സിസോദിയ എന്നിവരുൾപ്പെടെയുള്ള പാർട്ടി ഉന്നത നേതാക്കളെ പലതവണ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ലൈവിൽ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മണ്ഡലത്തിലെ സ്കൂളുകളിലെ ഒഴിവുകൾ നികത്താൻ താൻ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും ഇതിന്റെ പേരിൽ പാർട്ടി ടിക്കറ്റ് വെട്ടിക്കളഞ്ഞാലും കുഴപ്പമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. തന്റെ പോരാട്ടം ജനങ്ങൾക്കും കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിനും വേണ്ടിയാണെന്ന് വ്യക്തമാക്കിയ എംഎൽഎ, ജയിലിലടച്ചാലും സത്യം പറയുന്നത് അവസാനിപ്പിക്കില്ലെന്നും കൂട്ടിച്ചേർത്തു.
എന്നാൽ സ്വന്തം സർക്കാരിനെ പൊതുവേദിയിൽ അപമാനിക്കുകയും പാർട്ടിയുടെ അച്ചടക്കം ലംഘിക്കുകയും ചെയ്തെന്ന് വിലയിരുത്തിയാണ് എഎപി നേതൃത്വം അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന വാഗ്ദാനത്തോടെ അധികാരത്തിലെത്തിയ എഎപി സർക്കാരിന് സ്വന്തം എംഎൽഎയുടെ ഈ പരസ്യ പ്രതികരണം വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറി. വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ ഈ വിഷയം കൂടുതൽ വലിയ വാഗ്വാദങ്ങൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.








