ഡൽഹി: കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരുകളുടെ പ്രാധാന്യം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെ തുരത്താൻ വിവിധ സംസ്ഥാനങ്ങളുടെ നടപടികൾ നിർണ്ണായകമാണെന്നും പരിശോധനകളുടെ എണ്ണം കൂട്ടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി ആശയവിനിമയം നടത്തുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷം കടന്നതായും അതിൽ ഭൂരിഭാഗവും ഈ പത്ത് സംസ്ഥാനങ്ങളിൽ നിന്നുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആന്ധ്രാ പ്രദേശ്, ബിഹാർ, ഗുജറാത്ത്, കർണ്ണാടക, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.
ഈ പത്ത് സംസ്ഥാനങ്ങൾക്ക് രോഗബാധ നിയന്ത്രിക്കാൻ സാധിച്ചാൽ രാജ്യം ഈ പോരാട്ടത്തിൽ വിജയം വരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അനുഭവസമ്പത്തിൽ വിശ്വാസമുണ്ടെന്നും രാജ്യം ഈ പോരാട്ടത്തിൽ വിജയം വരിക്കുമെന്നും ഒരു പുത്തൻ തുടക്കം ഉടനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗബാധ വ്യാപകമാകുന്നത് തടയാൻ അതിവേഗ രോഗ നിർണ്ണയം അനിവാര്യമാണ്. ആരോഗ്യ സേതു ആപ്പ് രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ വലിയ തോതിൽ സഹായിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതും രോഗം ഭേദമാകുന്നതിലെ മികച്ച നിരക്കും ശുഭസൂചകമാണെന്നും കൂട്ടായ പ്രവർത്തനം തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.









