ന്യൂഡൽഹി : പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനുള്ള നിയമങ്ങൾ അതീവ കർശനമാക്കിക്കൊണ്ട് കേന്ദ്ര സർക്കാരിന്റെ പുതിയ ഭേദഗതി ബിൽ. വെള്ളിയാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ ‘പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ 2026’ വരുന്ന തിങ്കളാഴ്ച (ജൂലൈ 27) ലോക്‌സഭയിൽ അവതരിപ്പിക്കും. ഇതിന്റെ കരട് പകർപ്പ് ശനിയാഴ്ചയോടെ എല്ലാ പാർലമെന്റ് അംഗങ്ങൾക്കും കൈമാറിയിട്ടുണ്ട്. പരീക്ഷാ തട്ടിപ്പുകാർക്കും ഏജൻസികൾക്കും സംഘടിത മാഫിയകൾക്കും എതിരെ നിലവിലുള്ള 2024-ലെ നിയമത്തിലെ ശിക്ഷാനടപടികൾ ഇരട്ടിയിലധികമാക്കിയാണ് പുതിയ ഭേദഗതി തയ്യാറാക്കിയിരിക്കുന്നത്.
പുതിയ ഭേദഗതി ബിൽ പ്രകാരം പരീക്ഷാ ക്രമക്കേടുകളിൽ പങ്കാളികളാകുന്ന വ്യക്തികൾക്കുള്ള കുറഞ്ഞ തടവുശിക്ഷ മൂന്ന് വർഷത്തിൽ നിന്ന് അഞ്ച് വർഷമായും, പരമാവധി ശിക്ഷ അഞ്ച് വർഷത്തിൽ നിന്ന് 10 വർഷമായും ഉയർത്തി. ഇതിനൊപ്പം വ്യക്തികൾക്ക് ചുമത്തുന്ന പരമാവധി പിഴത്തുക 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. ചോദ്യപേപ്പർ അച്ചടി, സാങ്കേതിക സഹായം, പരീക്ഷാ നടത്തിപ്പ് എന്നിവയ്ക്ക് ചുമതലപ്പെട്ട സ്വകാര്യ ഏജൻസികളോ സ്ഥാപനങ്ങളോ തട്ടിപ്പിൽ ഉൾപ്പെട്ടാൽ അവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുക ഒരു കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്താൻ ബിൽ നിർദ്ദേശിക്കുന്നു. കൂടാതെ ഇത്തരം സ്ഥാപനങ്ങളെ പൊതുപരീക്ഷകൾ നടത്തുന്നതിൽ നിന്ന് വിലക്കുന്ന കാലയളവ് നാല് വർഷത്തിൽ നിന്ന് എട്ട് വർഷമായി ഇരട്ടിയാക്കി. തട്ടിപ്പിൽ സ്ഥാപന മേധാവികളുടെയോ ഡയറക്ടർമാരുടെയോ പങ്കാളിത്തം തെളിഞ്ഞാൽ അവർക്ക് കുറഞ്ഞത് അഞ്ച് വർഷം തടവും അഞ്ച് കോടി രൂപ വരെ പിഴയും ഒടുക്കേണ്ടി വരും.
സംഘടിത പരീക്ഷാ മാഫിയകൾക്ക് എതിരെ അതിശക്തമായ നിയമനടപടികളാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള കുറഞ്ഞ തടവുശിക്ഷ അഞ്ച് വർഷത്തിൽ നിന്ന് ഏഴ് വർഷമായി ഉയർത്തിയപ്പോൾ, കുറഞ്ഞ പിഴത്തുക ഒരു കോടി രൂപയിൽ നിന്ന് പത്ത് കോടി രൂപയായി വർദ്ധിപ്പിച്ചു. തട്ടിപ്പ് കേസുകളിലെ അന്വേഷണം വേഗത്തിലാക്കാൻ കേന്ദ്ര സർക്കാരിന് പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് (STF) രൂപം നൽകാനുള്ള അധികാരവും ബിൽ നൽകുന്നുണ്ട്. കേസുകളിൽ അന്വേഷണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും, അതിനുശേഷം മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കണമെന്നും ബിൽ നിർബന്ധമാക്കുന്നു. ഇതിലൂടെ ആറുമാസത്തിനകം പ്രതികൾക്ക് അന്തിമ ശിക്ഷ ഉറപ്പാക്കുന്ന കർശനമായ നിയമസംവിധാനമാണ് സർക്കാർ യാഥാർത്ഥ്യമാക്കുന്നത്.








