കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് കൂടുതല്‍ തെളിഞ്ഞു വരുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മുഖ്യമന്ത്രി നേരിട്ട് കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ടു. യുഎഇയിലേക്ക് പോയ ഔദ്യോഗിക സംഘത്തില്‍ സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രൊജക്ടായ ലൈഫ് മിഷനില്‍ കള്ളക്കടത്തുകാരിയായ സ്വപ്നക്ക് എങ്ങനെ ഒരു കോടി രൂപ കൈക്കൂലി കിട്ടിയതെന്നും ഈ കമ്മീഷനും കൈക്കൂലിയും മുഖ്യമന്ത്രി അറിയാത്തത് എന്തുകൊണ്ടാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു.
ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ സിപിഎം സന്തതസഹചാരിയാണെന്നും ഇദ്ദേഹത്തിന് തീവ്രവാദ ബന്ധമുണ്ടെന്നും അതില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി നേരത്തെ പരാതി നല്‍കിയിരുന്നുവെന്നും അന്ന് അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് അന്ന് നീക്കിയിരുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു.
എന്നാല്‍ കസ്റ്റംസ് ക്ലിയറന്‍സ് രേഖകളില്‍ ഒപ്പിട്ടത് അദ്ദേഹമാണ്. ഇത് നിസ്സാരമായ കാര്യമല്ലെന്നും സ്ഥാനത്ത് നിന്ന് നീക്കിയ ആള്‍ക്ക് എന്തിന് അധികാരം നല്‍കിയെന്ന് വിശദീകരിക്കണമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
അതേസമയം മന്ത്രി കെടി ജലീല്‍ ഖുറാന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടത്തുന്നതിന് കൂട്ടുനിന്നെന്നും സുരേന്ദ്രന് പറഞ്ഞു.
മന്ത്രി കെടി ജലീല്‍ പറഞ്ഞതൊന്നും വിശ്വസിക്കാനാവില്ല. വാട്സാപ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നയതന്ത്ര ലഗേജ് സ്വീകരിച്ചുവെന്ന ജലീലിന്റെ വിശദീകരണം തൃപ്തികരമല്ല. കള്ളക്കടത്ത് ബന്ധം ആരോപിക്കപ്പെടുന്ന ജലീല്‍ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാത്രവുമല്ല ജലീല്‍ ഇതിനുമുമ്പും ഇതുപോലുള്ള കാര്യങ്ങള്‍ നടത്തിയെന്ന് സംശയിക്കുന്നു. സംസ്ഥാനം വിദേശ സഹായം എന്ന വളഞ്ഞ വഴി സ്വീകരിച്ചു. അതിലാണ് കമ്മീഷന് വാങ്ങിയത്. ജലീല്‍ വിശ്വാസത്തെ കൂട്ടുപിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
Discussion about this post