ഡല്‍ഹി: ഡല്‍ഹി പോലീസ് ഏറ്റുമുട്ടലിൽ അറസ്റ്റ് ചെയ്ത ഐഎസ് ഭീകരന് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ സ്ഥലത്ത് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. ചോദ്യം ചെയ്യലില്‍ അബ്ദുള്‍ യൂസഫ് എന്ന തീവ്രവാദി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡല്‍ഹി പൊലീസിന് പുറമെ, ദേശീയ സുരക്ഷാ ഗാര്‍ഡുകളും ഇയാളെ ചോദ്യം ചെയ്തു വരികയാണ്. യുപി ആന്റി ടെററിസ്റ്റ് സ്ക്വാഡും ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഐഎസ് ഭീകരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യുപിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ജില്ലകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ എസ്പിമാര്ക്ക് ഡിജിപി ഹിതേഷ് ചന്ദ്ര അവാസ്തി നിര്‍ദ്ദേശം നല്കി. രാമക്ഷേത്ര നിര്‍മാണം ഏതുവിധേനയും തടയുക എന്ന ലക്ഷ്യമാണ് തനിക്കുണ്ടായിരുന്നതെന്ന് യൂസഫ് വെളിപ്പെടുത്തി.
ഡല്‍ഹിയിലും പരിസരത്തും ഒറ്റയ്ക്ക് ചാവേറാക്രമണത്തിന് തയാറെടുക്കവേയാണ് ഐഎസ് ഭീകരനെ അറസ്റ്റ് ചെയ്തത്. റെയ്ഡിനെത്തുന്നത് കണ്ടു പോലീസ് സംഘത്തിനു നേരേ ഇയാള്‍ മൂന്നു തവണ വെടിയുതിര്‍ത്തു. തുടര്‍ന്ന നടന്ന ഏറ്റുമുട്ടലിന് ഒടുവിലാണ് അബ്ദുള്‍ യൂസഫിനെ പിടികൂടാനായത്. ഭീകരനില്‍ നിന്ന് രണ്ടു കിലോ ഐഇഡി (ഇംപ്രൂവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍) കളും ആയുധങ്ങളും പോലീസ് കണ്ടെടുത്തിരുന്നു.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഭീകരനെ തേടിയെത്തിയത്. ഏറ്റമുട്ടലിന് ശേഷം കരോള്‍ ബാഗിനു ദൗള കൗനും ഇടയിലുള്ള റിഡ്ജ് റോഡിലേക്ക് ഓടിരക്ഷപ്പെട്ട ഭീകരനെ പോലീസ് സംഘം കീഴടക്കുകയായിരുന്നു. ഇയാള്‍ക്ക് സ്ഫോടകവസ്തുക്കളും ആയുധങ്ങളും എത്തിച്ച നല്കിയ സംഘത്തെ പോലീസ് തെരയുകയാണ്. സിറിയ, പാക്കിസ്ഥാന് എന്നിവടങ്ങളിലെ ഐഎസ് ഭീകരരുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നതായും കണ്ടെത്തി.
Discussion about this post