ഓണം അടിച്ചുപൊളിക്കുന്നവരില്നിന്നു വ്യത്യസ്തമായി ഇടുക്കിയില്‍നിന്നുള്ള ഒരു ഓണാഘോഷക്കഥ. ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ ഓണമാഘോഷിച്ചത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കും തെരുവുജീവിതങ്ങള്ക്കും ഒപ്പം. കേരളത്തിലെ ഓരോ ജില്ലയിലും 350 പൊതിച്ചോറുകള്‍ വീതം വിതരണം ചെയ്ത് അവര്‍ പത്തുദിവസം അവശജീവിതങ്ങള്ക്കൊപ്പം ഓണമുണ്ടു. എന്‍ജിനീയറിങ് കോളജിലെ ടെക്നിക്കല്‍ ഫെസ്റ്റായ അദ്വൈതയുടെ ഭാഗമായാണ് തെരുവിലും അനാഥാലയങ്ങളിലും ഒറ്റപ്പെട്ടു പോയവര്‍ക്കായി പൊതിച്ചോര്‍ പദ്ധതിയുമായി ഓണാഘോഷം നടത്തിയത്.
25ന് തുടങ്ങിയ പൊതിച്ചോറ് വിതരണം കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും കടന്ന് ഇന്നലെ അവിട്ടനാളില്‍ തിരുവനന്തപുരത്തു സമാപിച്ചു. 25ന് ഇടുക്കി മൂലമറ്റത്ത് അസീസി സ്നേഹഭവനിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം, മറ്റു ജില്ലകളിലും പരിപാടി നടന്നു. ഓരോ ദിവസവും ശരാശരി നാലു ജില്ലകളില്‍ വീതം ഇടുക്കി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ പൊതിച്ചോറുമായെത്തി.
കേരളത്തിലെ മിക്ക ജില്ലയില്‍നിന്നും 25 പേര് വീതമെങ്കിലും എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്നുണ്ട്. ഓരോ ജില്ലയിലും പരിപാടി നടത്താന്‍ കോളജ് യൂണിയന്റെയും ടെക് ഫെസ്റ്റ് സംഘാടകരുടെയും നേതൃത്വത്തില്‍ അതതു ജില്ലക്കാരെ ചുമതലപ്പെടുത്തുകയായിരുന്നുവെന്ന് പൊതിച്ചോറിന്റെയും അദ്വൈതയുടെയും കോ– ഓര്‍ഡിനേറ്റര്‍മാരായ ടി.എസ്. നന്ദു, ഫവാസ് യൂസഫലി എന്നിവര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ വീട്ടില്‍നിന്നു തന്നെയാണു പൊതിച്ചോറുകള്‍ തയാറാക്കിയത്.
തൊടുകറികളും പായസവും പപ്പടവും ഉള്‍പ്പെടെ വിഭവസമൃദ്ധമായ സദ്യയാണു വിതരണം ചെയ്തത്. കാസര്‍കോട്, വയനാട് ജില്ലകളില്‍ രണ്ടു പേര് മാത്രമേ ഇടുക്കി എന്‍ജിനീയറിങ് കോളജ് വിദ്യാര്ഥികളായുള്ളൂ എന്നതിനാല്‍ ഇവിടെ ഭക്ഷണം തയാറാക്കാന്‍ പ്രത്യേക സംഘത്തെ ഏല്‍പ്പിച്ചു. ഓണം ആഘോഷച്ചെലവുകള്‍ വെട്ടിക്കുറച്ച് ഇതിനുള്ള തുകയും കുട്ടികള്‍ സ്വയം കണ്ടെത്തി. കാസര്‍കോട് സ്നേഹാലയ, കണ്ണൂര്‍ മാര്‍ ഇല്യാക് ഭവന്, കോഴിക്കോട് ശാന്തിനികേതന്‍, വയനാട് ദീപന് ജ്യോതി, മലപ്പുറം മാലിജ് ഉല് ഓഫര്നേജ്, പാലക്കാട് മേഴ്സി ഹോം, തൃശൂര്‍ ശാന്തിനികേതന്‍, എറണാകുളം മേഴ്സി ഹോം, കോട്ടയം ഡെയ്ഡന് ഹോം, പത്തനംതിട്ട ആശാ ഭവന്, ആലപ്പുഴ സ്നേഹനിലയം, കൊല്ലം പൂവര്‍ ഹോം, തിരുവനന്തപുരം നവജീവന്‍ ബാലഭവനം എന്നിവിടങ്ങളിലായിരുന്നു സ്നേപ്പൊതിച്ചോറുകളുടെ വിതരണം.
വരുംവര്‍ഷങ്ങളിലും ഓണാഘോഷം അഗതികള്‍ക്കും പാവപ്പെട്ടവര്‍ക്കുമൊപ്പം നടത്താന്‍ തന്നെയാണ് വിദ്യാര്‍ഥികളുടെ തീരുമാനം.ഈ സ്നേഹസന്ദേശം കോളജില്‍ പഠിക്കാനെത്തുന്ന എല്ലാ തലമുറയിലേക്കും പകര്‍ന്നു നല്കുകയാണു ലക്ഷ്യമെന്നും അവര്‍ പറയുന്നു.
Discussion about this post