പത്തനംതിട്ട: കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച ഡ്രൈവർ നൗഫൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെന്ന് സൂചന. രണ്ട് വർഷം മുൻപ് ഇയാൾക്കെതിരെ കേസ് ഉണ്ടായിരുന്നുവെന്നും ഇതിന് ശേഷമാണ് ഇയാള്‍ 108 ആംബുലൻസിൽ ഡ്രൈവറായതെന്നും പൊലീസ് പറഞ്ഞു.
ആറന്മുളയിലെ പീഡനത്തെക്കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങനെയാണ്. വീട്ടുകാർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ ഒരു ബന്ധുവീട്ടിൽ ക്വാറന്‍റീനിൽ കഴിയുകയായിരുന്നു പെൺകുട്ടി. സ്രവ പരിശോധനയിൽ ഇവരും കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതോടെ അടൂരിലുള്ള ബന്ധുവീട്ടിൽ നിന്നും പെൺകുട്ടിയെ ആംബുലൻസിൽ കയറ്റി പന്തളത്തേക്ക് കൊണ്ട് പോവുകയായിരുന്നു.
പ്രതി ഓടിച്ചിരുന്ന ആംബുലൻസിൽ പെൺകുട്ടിക്കൊപ്പം കൊവിഡ് രോഗിയായ 40 വയസുകാരിയായ സ്ത്രീ കൂടിയുണ്ടായിരുന്നു. ഇവരെ കോഴഞ്ചേരിയിലെ ജനറൽ ആശുപത്രിയിൽ ഇറക്കിയ ശേഷമാണ് പെൺകുട്ടിയെ പന്തളത്തെത്തിച്ചത്. ഈ സമയത്ത് പെൺകുട്ടി ആംബുലൻസിൽ തനിച്ചായിരുന്നു. പെൺകുട്ടിയെ തനിച്ച് കിട്ടാൻ വേണ്ടിയാണ് അടൂരിൽ നിന്നും പന്തളത്തേക്ക് എത്താൻ എളുപ്പമാണന്നിരിക്കെ പ്രതി മനപ്പൂര്‍വ്വം കോഴഞ്ചേരി വഴി കൂടുതൽ ദൂരം സഞ്ചരിച്ച് പെൺകുട്ടിയെ പന്തളത്തേക്ക് കൊണ്ടു വന്നത്.
ഇതിൽ നിന്നും പ്രതി പീഡനം നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് കണക്ക് കൂട്ടുന്നത്. ആറന്മുളയിലെ ഒരു മൈതാനത്ത് വെച്ചാണ് പ്രതി നീചകൃത്യം നടത്തിയത്. ആശുപത്രിയിലെത്തിച്ച ശേഷം പെൺകുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. നൗഫലിന്റെ സംസാരം പെൺകുട്ടി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. സംഭവം ആരോടും പറയരുതെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം കൊവിഡ് രോഗിക്കൊപ്പം ഒരു ആരോഗ്യപ്രവര്‍ത്തക കൂടി ആംബുലൻസിൽ ഒപ്പമുണ്ടാകണമെന്ന നിര്‍ദ്ദേശം നിലനിൽക്കേയാണ് ആറന്മുളയിൽ രാത്രി ആംബുലൻസ് ഡ്രൈവര്‍ തനിച്ച് രോഗിയുമായി സഞ്ചരിച്ചത്. ഇതിൽ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ചയുണ്ടായതായാണ് നിഗമനം.
ആറന്മുളയിൽ കൊവിഡ് പൊസിറ്റീവായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത് സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ ആരോപിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പിന് വൻവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post