മോസ്‌കോ : ഷാങ്ങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഭാഗമായി നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ റഷ്യയിലേക്ക്.സെപ്റ്റംബർ പത്താം തീയതി ആയിരിക്കും അദ്ദേഹം യാത്ര പുറപ്പെടുക.
പ്രതിരോധമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ പങ്കെടുത്ത് ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മടങ്ങിയതിനു തൊട്ടു പിന്നാലെയാണ് ജയശങ്കറിന്റെ റഷ്യൻ യാത്ര. ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗിക വക്താവ് അനുരാഗ് ശ്രീവാസ്തവ സ്ഥിരീകരിച്ചു.എന്നാൽ, ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ്-യിയുമായി
ചർച്ച നടത്തുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇന്ത്യ-ചൈന സംഘർഷം രൂക്ഷമായിരിക്കുന്ന ഈ വേളയിൽ, നയതന്ത്രത്തിൽ ഊന്നിയുള്ള ഒരു സമാധാന ചർച്ചയെ ലോകം പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണ്.ചർച്ചയെക്കുറിച്ച് തീരുമാനങ്ങളായിക്കഴിഞ്ഞാൽ അക്കാര്യം മാധ്യമങ്ങളെ അറിയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്.












