തിരുവനന്തപുരം : യുവവ്യവസായി പോള്‍ എം. ജോര്‍ജ് കൊല്ലപ്പെട്ട കേസില്‍ സിബിഐ കോടതി വിധി നാളത്തേയ്ക്ക് മറ്റി. ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിലെ കാരി സതീശ് അടക്കം പത്തൊന്‍പത് പേരാണ് കേസിലെ പ്രതികള്‍. മറ്റൊരു ക്വട്ടേഷന്‍ നടപ്പാക്കാന്‍ ആലപ്പുഴയ്ക്ക് പോകും വഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.
ഗുണ്ടാത്തലവന്‍ കാരി സതീഷ് അടക്കം പത്തൊമ്പത് പേരാണ് പ്രതികള്‍. രണ്ട് പ്രതികള്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി വിധി നാളത്തേക്ക് മാറ്റി വെച്ചത്.
പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയതിനും മറ്റൊരു ക്വട്ടേഷന് പോയതിനും ചങ്ങനാശേരി സംഘത്തിനെതിരെ രണ്ട് കുറ്റപത്രങ്ങള്‍ സിബിഐ സമര്‍പ്പിച്ചെങ്കിലും ഇവ ഒന്നിച്ചാക്കി വിചാരണ നടത്തുകയായിരുന്നു. 2012 നവംബര്‍ പത്തൊന്‍പതിന് ആരംഭിച്ച വിചാരണയില്‍, പോള്‍ ജോര്‍ജിന്റെ ഡ്രൈവര്‍ ഷിബു തോമസ് അടക്കം 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി.
കുത്തേറ്റ പോള്‍ ജോര്‍ജിനെ വഴിയിലുപേക്ഷിച്ച് കടന്ന ഗുണ്ടാനേതാക്കള്‍ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും കേരള പൊലീസ് പ്രതികളാക്കിയിരുന്നെങ്കിലും സിബിഐ മാപ്പുസാക്ഷികളാക്കി മാറ്റി. കൊലപാതകം കണ്ടില്ലെന്നും പോളിനെ കുത്തിയവരെ അറിയില്ലെന്നുമാണ് രണ്ട് ഗുണ്ടകളും കോടതിയില്‍ നല്‍കിയ മൊഴി. പോളിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മനു, കാരി സതീശ് അടക്കമുളളവരെ കോടതിയില്‍ തിരിച്ചറിഞ്ഞു. ഏറെ വിവാദമായ ‘എസ്’ കത്തിയും കോടതിയുടെ പരിഗണനയ്ക്ക് വന്നു. പൊലീസ് ആദ്യം കണ്ടെടുത്ത ‘എസ്’ ആകൃതിയുളള കത്തിയല്ല കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സിബിഐ കൊലയ്ക്കുപയോഗിച്ച യഥാര്‍ഥ കത്തിയും കോടതിയില്‍ ഹാജരാക്കി. കാരി സതീശ് തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് ‘എസ്’ കത്തി കണ്ടെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ.എം. ടോണി മൊഴി നല്‍കിയത് ശ്രദ്ധേയമാണ്.
Discussion about this post