മണാലി: അടൽ തുരങ്കം ഹിമാചൽ പ്രദേശിന്റെ സിംഹഭാഗത്തിന് മാത്രമല്ല, ലഡാക്കിനും പുതിയ ജീവരേഖയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റോഹ്തംഗിൽ ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുരങ്കത്തിന്റെ നിർമ്മാണത്തോടെ ഹിമാചൽ പ്രദേശിന്റെ സിംഹഭാഗവും ലേ ലഡാക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി സദാ ബന്ധപ്പെട്ടിരിക്കും. ഇത് മേഖലയുടെ വികസനത്തിന് പുത്തൻ ഗതിവേഗം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മണാലിയും കെലോംഗും തമ്മിലുള്ള ദൂരം ഇതോടെ മൂന്ന് മണിക്കൂറായി ചുരുങ്ങും. ഇതിന്റെ അർത്ഥം മനസ്സിലാകേണ്ടവർക്ക് വ്യക്തമായി മനസ്സിലാകുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്വപ്നങ്ങൾക്കൊപ്പം കോടിക്കണക്കിന് വരുന്ന ഹിമാചൽ പ്രദേശ് നിവാസികളുടെയും സ്വപ്നം പൂവണിഞ്ഞ ചരിത്ര ദിനമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിമാചൽ പ്രദേശ് നിവാസികളുടെ ദശാബ്ദങ്ങളായുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. ഈ അടൽ തുരങ്കം ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












