വാഷിങ്ങ്ടൺ : ഇന്ത്യയുടെ വടക്കൻ അതിർത്തികളിൽ ചൈന അറുപത്തിനായിരത്തിലുമധികം ചൈനീസ് സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയുടെ മോശം പെരുമാറ്റത്തിനുള്ള തെളിവായാണ് ക്വാഡ് സഖ്യത്തിനു മുമ്പിൽ ഇക്കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇന്തോ-പസെഫിക്ക് മേഖല തുറന്നതും സ്വതന്ത്രമാക്കുന്നതിനുമായി പരസ്പര സഹകരണം ശക്തിപ്പെടുത്താൻ അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങൾ രൂപീകരിച്ച ഫോറമാണ് ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് അഥവാ ക്വാഡ്.
ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ വെച്ച് ചൊവ്വാഴ്ച കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയ്ക്കു ശേഷം അമേരിക്കയിൽ തിരികെയെത്തിയതിനു പിന്നാലെ ഫോക്സ് ന്യൂസിന്റെ ഗയ് ബെൻസൺ ഷോ എന്ന പരിപാടിയിൽ മൈക്ക് പോംപിയോ, ഇന്ത്യയുടെ വടക്കൻ അതിർത്തികളിൽ ചൈന അറുപത്തിനായിരത്തിലുമധികം ചൈനീസ് സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന കാര്യം ആവർത്തിച്ചു.
ഇന്തോ -പസഫിക് മേഖലയിലും തെക്കൻ ചൈന കടലിലും ഇന്ത്യയുമായുള്ള ലഡാക്ക് അതിർത്തിയിലുമുള്ള ചൈനീസ് കടന്നു കയറ്റമായിരുന്നു ചൊവ്വാഴ്ച നടന്ന യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. മേഖലയിൽ സമാധാനം ഉറപ്പാക്കാൻ പരസ്പരം ആശയങ്ങൾ പങ്കുവെച്ച് 4 രാഷ്ട്രങ്ങളും കൂട്ടായ ശ്രമം നടത്തുമെന്ന് യോഗത്തിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു.
Discussion about this post